പ്രതിപക്ഷത്തിന്‍റെ പൂർണപിന്തുണ ; അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി

Jaihind Webdesk
Monday, May 31, 2021

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ  കേരള നിയമസഭ ഏകകണ്ഠേന പ്രമേയം പാസാക്കി. ദ്വീപിൽ നടക്കുന്ന കാവി വത്കരണ ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രതിഷേധ പ്രമേയത്തിൽ വ്യക്തമാക്കി.

ദ്വീപിലെ ജനങ്ങളുടെ തനത് ജീവിതാവസ്ഥകൾ ഇല്ലാതാക്കാനും കാവി വത്കരണം നടപ്പാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. സംഘപരിവാര്‍ അജണ്ടക്കൊപ്പം കോര്‍പറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഗോ വധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻ വാതിലിലൂടെ ദ്വീപിൽ നടപ്പാക്കുന്നു. ഇത് അനുവദിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്‍റെ ഉള്ളടക്കം.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പൂര്‍ണ്ണമായും പിന്തുണക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ദ്വീപ് നിവാസികളുടെ ജീവിക്കാൻ ഉള്ള അവകാശമാണ് പുതിയ പരിഷ്‌കാരങ്ങളോടെ ഇല്ലാതാക്കുന്നത്. ഇത് ഭരണഘനാവകാശങ്ങളുടെ ലംഘനമാണ്. അഡ്മിനിസ്ട്രേറ്റർ കൊണ്ട് വന്ന ജനസംഖ്യ നിയന്ത്രണ നിയമത്തെ അറബിക്കടലിൽ എറിയണം. കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള ദ്വീപിൽ ഗുണ്ട ആക്ട് കൊണ്ട് വന്നത് പാവങ്ങളെ പീഢിപ്പിക്കാനാണെന്നും സംഘപരിവാര്‍ അജണ്ടക്ക് എതിരെ പ്രതിഷേധ കടൽ തീർത്തു കേരളം പ്രതിരോധം തീർക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

ജനിച്ച മണ്ണിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമം നടക്കുന്നതെന്നും ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സര്‍ക്കാർ പിൻമാറണമെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഇന്നലെ കശ്‍മീർ ഇന്ന് ദ്വീപ് നാളെ കേരളം. അങ്ങിനെ ആണ് കേന്ദ്രം അജണ്ട നടപ്പാക്കുന്നതെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. ഇഷ്ടമില്ലാത്ത സ്ഥലങ്ങൾ സംഘപരിവാര്‍ ലക്ഷ്യമിടുന്നു. രാജ്യത്തെ ചരിത്രം തന്നെ മാറ്റാനാണ് ശ്രമമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.