നയപ്രഖ്യാപനം പൊള്ളത്തരം, ജനങ്ങളെ കബളിപ്പിക്കാനുള്ളത് ; മുഖ്യമന്ത്രിക്ക് പറ്റിയ സ്പീക്കറെന്നും പ്രതിപക്ഷം

Jaihind News Bureau
Friday, January 8, 2021

 

തിരുവനന്തപുരം : ഗവർണറുടേത് പൊള്ളയായ നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  നയപ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി സ്പീക്കർ ഡോളർ കടത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ജനാധിപത്യത്തിന് ഒരു അർത്ഥവുമില്ലാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്പീക്കറും സർക്കാരുമാണിത്. മുഖ്യമന്ത്രിക്ക് പറ്റിയ സ്പീക്കറെന്നും അദ്ദേഹം പരിഹസിച്ചു.

ഭരണഘടനാപരമായ ഉത്തരവാദിത്തം നിറേവറ്റിയെന്ന് പറഞ്ഞ ഗവർണർക്ക് സർക്കാരിനെപ്പറ്റി ഒന്നും പറയാനില്ല. ഭരണഘടനാപരമായ അവകാശം ഉയർത്തിപ്പിടിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. കേരള ജനതയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കിയ സർക്കാരിന്‍റെ നടപടിക്കെതിരായ ജനവികാരം സഭയ്ക്കുള്ളില്‍ പ്രകടിപ്പിക്കുക പ്രതിപക്ഷത്തിന്‍റെ അവകാശമാണ്. ഈ അവകാശമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെ കേൾക്കാൻ പോലും സർക്കാർ തയാറായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാളയാർ കേസിൽ സർക്കാർ പ്രതികൾക്കൊപ്പമാണ്. മാതാപിതാക്കളെ മുഖ്യമന്ത്രി കാണാൻ പോലും തയാറായില്ല. നിർഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യത്തിന്‍റെ  ശ്രീകോവിലിനെ മറയാക്കിയാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ പറഞ്ഞു. നയപ്രഖ്യാപനത്തിന് പ്രസക്തിയില്ല.  ഗവർണർക്കെതിരെയല്ല, സ്പീക്കർക്കെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ പ്രസംഗം പ്രഹസനമായി മാറിയെന്ന് പി.ജെ ജോസഫ് എംഎല്‍എയും പറഞ്ഞു. സാമാന്യ മര്യാദയുണ്ടങ്കിൽ സ്പീക്കർ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.