തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. ബുത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണുള്ളത്. കൊവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും പാലിച്ചാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ്.
കൊവിഡിനെത്തുടര്‍ന്ന് 40,771 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാര്‍ക്കുമാത്രമേ അനുമതി ഉണ്ടാകൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടു ചെയ്യാം. മാവോയിസ്റ്റ് ഭീഷണിയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ വൈകീട്ട് ആറു വരെയായിരിക്കും വോട്ടെടുപ്പ്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. മൂന്നര ലക്ഷത്തോളം ജീവനക്കാരെയാണ് പോളിംഗ് സുഗമമാക്കാനായി നിയോഗിച്ചിട്ടുള്ളത്. സുരക്ഷക്കായി കേരള പോലീസും കേന്ദ്രസേനയും രംഗത്തുണ്ട്.