ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക എന്ന് നല്‍കും? ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

Jaihind Webdesk
Thursday, November 16, 2023


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമ ബത്താ കുടിശിക എന്ന് കൊടുക്കാന്‍ കഴിയുമെന്ന് ഡിസംബര്‍ 11ന് മുമ്പായി കോടതിയെ രേഖാമൂലം അറിയിക്കണമെന്നാണ് ഉത്തരവ്. സര്‍ക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളോ, സാമ്പത്തികമായി മോശം സ്ഥിതിയുണ്ടെങ്കില്‍ അതോ ഇക്കാര്യത്തില്‍ ബാധകമല്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍ തന്നെ ഡിസംബര്‍ 11നകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയില്ലെങ്കില്‍ കോടതിക്ക് പോസിറ്റീവ് ഉത്തരവ് നല്‍കേണ്ടിവരും. കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും, ഭാരവാഹികളും ചേര്‍ന്ന് നല്‍കിയ കേസിലാണ് ട്രൈബ്യൂണലിന്റെ ഇടക്കാലവിധി ഇന്ന് ഉണ്ടായിരിക്കുന്നത്. കക്ഷികള്‍ക്ക് വേണ്ടി അഡ്വക്കേറ്റ് അനുപ് വി നായര്‍ ഹാജരായി.