ചോദ്യ പേപ്പര്‍ വിവാദം: കെല്‍ട്രോണ്‍ എം.ഡിയെ മാറ്റി

Jaihind News Bureau
Wednesday, February 10, 2021

തിരുവനന്തപുരം: ചോദ്യ പേപ്പര്‍ വിവാദത്തിനെ തുടര്‍ന്ന് കെല്‍ട്രോണ്‍ എം.ഡി. ടി.ആര്‍. ഹേമലതയെ മാറ്റി. അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ചോദ്യം വിവാദമായിരുന്നു ഇതേത്തുടര്‍ന്നാണ് ഹേമലതയെ എം.ഡി. സ്ഥാനത്തുനിന്ന് മാറ്റിയത്. കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിക്കാണ് പുതിയ ചുമതല.

കൊല്ലം ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിലെ പുതിയ ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചു കൊണ്ട് കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയിലെ ചോദ്യമാണ് വിവാദമായത്.

യേശുക്രിസ്തുവിന്‍റെ വരവിനു ശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം?

എ. ബ്രഹ്മാവ്, ബി. വിഷ്ണു, സി. മഹേശ്വരൻ, ഇ. ഇന്ദ്രൻ.

ഇതായിരുന്നു ചോദ്യം. ഈ ചോദ്യം വിവാദമായതിനു പിന്നാലെ ഏഷ്യന്‍ ഹിസ്റ്ററിയിലെ വേദിക് വിഭാഗത്തിലെ ചോദ്യമായിരുന്നു ഇതെന്ന വാദവുമായി കെല്‍ട്രോണ്‍ രംഗത്തെത്തി.

എന്നാല്‍ ഒരു വിഭാഗത്തിന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ചോദ്യമെന്ന് വിമര്‍ശനം ഉയര്‍ന്നു. ചോദ്യം തയ്യാറാക്കാന്‍ ഏല്‍പിച്ചിരുന്ന വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്‍റെ ഭാഗമായാണ് ചോദ്യം ഉള്‍പ്പെടുത്തിയതെന്നും ആരോപണം ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് കെല്‍ട്രോണ്‍ എം.ഡിയെ മാറ്റിയത്.

രണ്ടുവർഷത്തിന് മുൻപ് കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയാണിത്. കെൽട്രോണിന്‍റെ കൊല്ലം കടപ്പാക്കട ടൗൺ അതിർത്തിയിലുള്ള സബ് സെന്‍ററിൽ വച്ചാണ് പരീക്ഷ നടത്തിയത്. ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ കെൽട്രോൺ നൽകുന്ന ലിസ്റ്റിന്‍റെ അടിസ്ഥാനത്തിൽ ഇന്‍റർവ്യൂ നടത്തി തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി ലഭിക്കുന്നത്. ഈ പരീക്ഷയിലാണ് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയുള്ള ചോദ്യം.

കെൽട്രോണിന്‍റെ തിരുവനന്തപുരത്തെ ഹെഡ്ഓഫീസാണ് ചോദ്യപേപ്പർ തയാറാക്കിയതെന്നാണ് കൊല്ലം യൂണിറ്റിൽ നിന്നുള്ള പ്രതികരണം. ഏഷ്യൻ ഇന്ത്യൻ ഹിസ്റ്ററിയിലെ വേദിക് കൾച്ചറൽ ടോപിക്കിൽ നിന്നുള്ള ചോദ്യമാണെന്ന് തിരുവനന്തപുരത്തെ പരീക്ഷ സെന്‍ററിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ചോദ്യപേപ്പർ തയാറാക്കിയവർക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.