ശ്രുതിക്ക് നല്‍കിയ വാക്ക് പാലിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍, സന്തോഷം പങ്കുവെച്ച് ഫെയ്ബുക്കില്‍ കുറിപ്പും

തിരുവനന്തപുരം: വയനാട് ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. അതില്‍ ഏവരുടെയും ഹൃദയത്തിലിടം നേടിയ വ്യക്തിയായിരുന്നു ശ്രുതി. കുടുംബത്തേ നഷ്ടപ്പെട്ട ശ്രുതിക്ക് പിന്നീട് ജീവിതത്തില്‍ ബാക്കിയുണ്ടായിരുന്നത് ജെന്‍സണ്‍ ആയിരുന്നു.

പക്ഷേ വിധിയുടെ വേട്ടയാടല്‍ കാര്‍ അപകടത്തിന്റെ രൂപത്തില്‍ അവളുടെ പ്രിയപ്പെട്ടവനേയും കൊണ്ടുപോയി. ശ്രുതി തനിച്ചുമായി. അതുകൂടി ആയപ്പോള്‍ ശ്രുതി മലയാളികളുടെ മനസ്സിലെ ഏറ്റവും വലിയ നോവായി മാറുകയായിരുന്നു. ശ്രുതിക്കുണ്ടായ ദുരന്തത്തില്‍ മാനസികമായി പിന്തുണയ്ക്കുന്നതിന് ഒപ്പം തന്നെ പ്രധാനപ്പെട്ടതാണ് മുന്നോട്ടുള്ള ജീവിതത്തില്‍ അവള്‍ക്ക് താങ്ങായി സമൂഹം ഒപ്പമുണ്ടാകേണ്ട ആവശ്യകതയും. ഇത്തരമൊരു സാഹചര്യത്തില്‍ ശ്രുതിക്ക് എല്ലാ മാസവും ഒരു ചെറിയ സാമ്പത്തിക സഹായം എത്തിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു.

തന്റെ സംഘടന ഏറ്റെടുത്ത ആ ഉത്തരവാദിത്തം ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച വിവരം പങ്കുവയ്ച്ചിരിക്കുകയാണ് രാഹുല്‍. ഗാന്ധി ജയന്തി ദിനത്തില്‍ ചേര്‍ത്ത് നിര്‍ത്തലിനേക്കാള്‍ വലിയ ഒരു ഗാന്ധിസം പറയാനില്ലെന്നും സന്തോഷം പങ്കുവച്ചുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നു.

 

രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ്

ഗാന്ധി ജയന്തി ദിനത്തില്‍ ചേര്‍ത്ത് നിര്‍ത്തലിനേക്കാള്‍ വലിയ ഒരു ഗാന്ധിസം പറയാനില്ല.
ഇന്നും വേദന ആവേശിപ്പിക്കുന്നുണ്ട് ചൂരല്‍മല. അവിടുത്തെ ഏറ്റവും വലിയ നോവ് ശ്രുതിയാണ്…

പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ കുടുംബങ്ങളെയും തൊട്ടടുത്ത വാഹനാപകടത്തില്‍ ഉയിരിന്റെ പാതിയായ ജിന്‍സണിനെയും നഷ്ടമായ അവള്‍ ജീവിതത്തിലേക്ക് തിരിച്ച് വരുകയാണ്.

പൊടുന്നനെ എല്ലാം നഷ്ടമായ അവള്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാസം തോറും 15000 രൂപ നല്കും എന്ന് പറഞ്ഞിരുന്നു.
ഈ ഗാന്ധി ജയന്തി ദിനത്തില്‍ അത് ആരംഭിക്കുകയാണ്….

 

Comments (0)
Add Comment