‘കീം’ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദിന്

 

തിരുവനന്തപുരം: കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ കീമിന്‍റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 52500 കുട്ടികളാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ആലപ്പുഴ സ്വദേശി ദേവാനന്ദ് ഒന്നാം റാങ്ക് കരസ്ഥമാക്കി. മലപ്പുറത്തുനിന്നുള്ള ഹഫിസ് റഹ്മാൻ രണ്ടാം റാങ്കും, പാലയിൽ നിന്നുള്ള അലൻ ജോണി മൂന്നാം റാങ്കും നേടി. ആദ്യ 100 റാങ്കിൽ 87 ആൺകുട്ടികളും 13 പെൺകുട്ടികളുമാണ് ഉൾപ്പെട്ടത്. എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ റാങ്ക് പട്ടികയിൽ ഇടം നേടിയത്.

സംസ്ഥാനത്ത് ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധപ്പെടുത്തിയത്. 79,044 (എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല്) വിദ്യാര്‍ത്ഥികളാണ് ജൂൺ അഞ്ച് മുതൽ പത്തുവരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡൽഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ.

Comments (0)
Add Comment