കെ റെയില്‍; പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ : കെസിബിസി

Jaihind Webdesk
Tuesday, March 29, 2022

കൊച്ചി: കെ റെയില്‍ പദ്ധതി കാരണം പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് കെ.സി.ബി.സി ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി. ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണ്ണമായും അവഗണിക്കാനാകുന്നവയല്ല. ജനങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ജനങ്ങളുടെ ഭാഗത്തുനിന്നും ചിന്തിച്ചുകൊണ്ട് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനോടകം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ മൂലം അനേക കുടുംബങ്ങള്‍ പാതയോരങ്ങളിലേയ്ക്ക് തള്ളപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. പതിറ്റാണ്ടുകള്‍ക്കു ശേഷവും നീതിലഭിക്കാത്ത സാഹചര്യങ്ങള്‍ ഇന്നും തുടരുന്നുണ്ട്. മൂലമ്പള്ളി കുടിയിറക്ക്, ശബരി പാതയ്ക്കുള്ള സര്‍വേ, ഏഴിമല നാവിക അക്കാദമിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുഴപ്പിലങ്ങാട് – മാഹി വഴിയുള്ള തലശ്ശേരി സമാന്തരപാത നിര്‍മ്മാണത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥലമെടുപ്പ് കഴിഞ്ഞെങ്കിലും അടുത്തകാലത്ത് മാത്രമാണ് പണി ആരംഭിച്ചിട്ടുള്ളത്. ഇത്തരം മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ലക്ഷക്കണക്കിന് പേര്‍ മുന്നോട്ടുവയ്ക്കുന്ന ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ വികസനപദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍, ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും അതിനായി ബലപ്രയോഗങ്ങള്‍ നടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്. അതിനെതിരായ ശബ്ദങ്ങളെ രാഷ്ട്രീയമായും, പോലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്, മറിച്ച് ജനാധിപത്യ മര്യാദയോടെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉള്‍പ്പെടെയുള്ളവര്‍പ്പോലും ഇതിനകം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍, ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയമാനം നല്‍കി അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. കെ റെയിലിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനപക്ഷത്ത് നിന്ന് പരിഗണിക്കാനും അവയെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം.

ഏറെയും ജനസാന്ദ്രത കൂടിയ മേഖലകളിലൂടെ കടന്നുപോകുന്നതിനാല്‍, പദ്ധതിയുടെ പൂര്‍ണ്ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണം. പദ്ധതി നടക്കുമോ ഇല്ലയോ എന്നുപോലും ഉറപ്പായിട്ടില്ലെങ്കിലും ഇപ്പോള്‍ അടയാളപ്പെടുത്തപ്പെട്ടുപോയാല്‍ ആ ഭൂമി ഒരുപക്ഷെ പതിറ്റാണ്ടുകളോളം ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍, ഇപ്പോഴുള്ള സര്‍വേ രീതിക്ക് പകരം മറ്റു രീതികള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഈ പദ്ധതിക്കുവേണ്ടിയുള്ള സാമൂഹിക ആഘാതപഠനത്തെ ആരും എതിര്‍ക്കുന്നില്ല. മറിച്ച് ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനദ്രോഹപരമായ പഠനരീതിയെയാണ് എതിര്‍ക്കുന്നത്. പൊതുജനത്തിന്‍റെ സംശയങ്ങള്‍ ദുരീകരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്നും  ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി സർക്കാരിനോട് ആവശ്യപ്പെട്ടു.