ചേര്‍ത്തല: ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിനുകള്‍ കയറാത്തതുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കെ സി വേണുഗോപാല്‍ എം പി നടത്തിയ ഉന്നതതല ഇടപെടലുകള്‍ ഫലം കണ്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെ, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എന്നിവരുമായി എം പി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്ന് മുതല്‍ ഒന്നാം പ്ലാറ്റഫോമിലേക്കു ട്രെയിനുകള്‍ കടത്തിവിടാന്‍ ഡിവിഷണല്‍ റെയില്‍വേ ഓപ്പറേഷന്‍സ് മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ചു ഗോരഖ്പൂരില്‍ നിന്നും തിരുവന്തപുരത്തേക്കു വന്ന 12511 ട്രെയിന്‍ ആദ്യം ഒന്നാം നമ്പര്‍ പ്ലാറ്റഫോമില്‍ കൂടി കടത്തിവിട്ടു .
ഒന്നാം നമ്പര്‍ പ്ലാറ്റഫോമില്‍ ട്രെയിനുകള്‍ കയറാത്തതു മൂലം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന യാത്രക്കാര്‍ ഉള്‍പ്പെടെ പ്രയാസങ്ങള്‍ നേരിട്ടിരുന്ന സാഹചര്യത്തിലാണ് കെ.സി വേണുഗോപാല്‍ എം പി യുടെ ഇടപെടല്‍. പ്ലാറ്റ്ഫോം ഒന്നില്‍ കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്താന്‍ ഉത്തരവായതായി റെയില്‍വെ അധികൃതര്‍ കെ.സി.വേണുഗോപാല്‍ എംപിയെ അറിയിച്ചു. സ്റ്റേഷനിലെ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നു ലിഫ്റ്റുകളും റാമ്പുകളും, എസ്‌കേലറ്ററുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വേണുഗോപാല്‍ റെയില്‍വേ മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ജില്ലയിലെ പ്രധാന സ്റ്റോപ്പുകളിലൊന്നാണ് ചേര്‍ത്തലയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കടുത്ത അവഗണനയാണ് നേരിട്ടിരുന്നത്.