ചുവടുകള്‍ ചടുലം; കെ.സിക്ക് ഇന്ന് 56-ാം പിറന്നാള്‍

Jaihind Webdesk
Monday, February 4, 2019

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് ഇന്ന് 56-ാം പിറന്നാള്‍. കെ.എസ്.യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ കെ.സി ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യ സാരഥ്യമാണ്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയാണ് കണ്ണൂരിലെ ഈ മാതമംഗലത്തുകാരന്‍.

ഒരു കാലഘട്ടത്തില്‍ കെ.എസ്.യുവിന്‍റെ കരുത്തും ശക്തിയുമായിരുന്നു കെ.സി വേണുഗോപാല്‍. കെ.എസ്.യു സംസ്ഥാനപ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളില്‍ ശക്തമായ പ്രവര്‍ത്തനമായിരുന്നു വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കെ.സി നടത്തിയത്. ഈ പ്രവര്‍ത്തനത്തിന്‍റെ മികവായിരുന്നു ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ ആയതും പിന്നീട് ആലപ്പുഴ മണ്ഡലത്തില്‍ നിന്നുതന്നെ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതും.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ദേവസ്വം, ടൂറിസം മന്ത്രിയായി പ്രവര്‍ത്തിച്ച് കേരളത്തിന്‍റെ ടൂറിസം വികസനത്തില്‍ നിര്‍ണായകമായ സംഭാവനകള്‍ കെ.സിയുടെ കാലത്ത് ഉണ്ടായി എന്നത് ചരിത്രം. പിന്നീട് ലോക്സഭാംഗമായതിന് ശേഷം ഡോ. മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ വ്യോമഗതാഗത വകുപ്പ് സഹമന്ത്രിയായും കെ.സി പ്രവര്‍ത്തിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ.സിയെ നിയമിച്ചതോടെ മിന്നുന്ന പ്രകടനമായിരുന്നു കെ.സി വേണുഗോപാല്‍ ദേശീയരാഷ്ട്രീയത്തില്‍ കാഴ്ചവെച്ചത്.

ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഗോവയില്‍ കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കിലും കൂടുതല്‍ എം.എല്‍.എമാരെ വിജയിപ്പിച്ചെടുക്കാന്‍ കെ.സിയുടെ സംഘടനാപാടവം കൊണ്ട് കഴിഞ്ഞു. പിന്നീട് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും കെ.സിയുടെ സാന്നിധ്യവും ഉത്തരവാദിത്വവും ഒരു ബി.ജെ.പിയിതര സര്‍ക്കാര്‍ രൂപീകരിക്കാനും നേതൃത്വപരമായ പങ്കായിരുന്നു കെ.സിക്കുണ്ടായിരുന്നത്.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കെ.സിക്ക് നിര്‍ണായക റോളായിരുന്നു. രാജസ്ഥാനില്‍ മന്ത്രിസഭ രൂപീകരണത്തിലും കെ.സിയുടെ പാടവം തെളിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആശയങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് പ്രവര്‍ത്തനമികവ് തെളിയിച്ചതിന്‍റെ അംഗീകാരമാണ് കെ.സി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.[yop_poll id=2]