കരുത്തോടെ കോണ്‍ഗ്രസും ‘ഇന്ത്യ’യും; സംഘടനാപാടവം കൊണ്ട് അതിശയിപ്പിച്ച് കെ.സി; പോരാട്ടവീര്യത്തിന്‍റെ മലയാളി കരുത്ത്

 

ഇന്ത്യാ സഖ്യത്തിന്‍റെ പോരാട്ടത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. കോണ്‍ഗ്രസ് സംഘടനെയെയും ഒപ്പം ഇന്ത്യാ സഖ്യത്തേയും ഒരു പോലെ ചലിപ്പിക്കുന്നതില്‍ മലയാളിയായ കെ.സി. വേണുഗോപാലിന്‍റെ പങ്ക് പരാമര്‍ശിക്കാതെ ഇന്ത്യ സഖ്യത്തിന്‍റെ പോരാട്ടത്തെ വിലയിരുത്താനാകില്ല. ഇന്ത്യാ സഖ്യത്തിന്‍റെ വിജയത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജ്യത്തെമ്പാടും പ്രചാരണ യോഗങ്ങളില്‍ ആവേശക്കാഴ്ചയായപ്പോള്‍ സംഘടനയെ ക്രിയാത്മകമായി ചലിപ്പിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍ ചെയ്തത്. പരാധീനതകളില്‍ നിന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കെ.സി. തന്നെ മുന്നിട്ടിറങ്ങി. കര്‍ണാടകയിലെയും തെലങ്കാനയിലെയും ഹിമാചലിലെയും മിന്നുന്ന വിജയങ്ങളും മഹാരാഷ്ട്രയിലും ബിഹാറിലും ഝാര്‍ഖണ്ഡിലും കൂട്ടുകക്ഷി സര്‍ക്കാരുകള്‍ ഉണ്ടാക്കിയതുമെല്ലാം കെസിയുടെ നേട്ടങ്ങളിലെ പൊന്‍തൂവലുകളാണ്.

രാഷ്ട്രീയ എതിരാളികളെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭം, പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിരോധം, രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റ് അംഗത്വം സസ്പെന്‍ഡ് ചെയ്തതിനെതിരായ രാജ്യവ്യാപക പ്രക്ഷോഭം, അസമിലെ ബിജെപി സര്‍ക്കാര്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കി കെ.സി. വേണുഗോപാല്‍ മോദി സര്‍ക്കാറിന്‍റെ കണ്ണിലെ കരടായി മാറി. വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സ്നേഹ സന്ദേശവുമായി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നാലായിരം കിലോമീറ്ററോളം രാഹുല്‍ ഗാന്ധി പദയാത്രയായി സഞ്ചരിച്ച ‘ഭാരത് ജോഡോ യാത്ര’യുടെ മുഖ്യ സംഘാടകനും കെ.സി. വേണുഗോപാലായിരുന്നു. വൈവിധ്യങ്ങളിലൂടെയും ബഹുസ്വരതയിലൂടെയും ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് ഒരു മനുഷ്യന്‍ കാല്‍നടയായി സഞ്ചരിച്ച, കോണ്‍ഗ്രസിനെയും രാജ്യത്തെയും വീണ്ടെടുക്കാനുള്ള രാഷ്ട്രീയ മുന്നേറ്റത്തിലേക്ക് വഴിയൊരുക്കിയ ബുദ്ധികേന്ദ്രമാണ് കെസിയെന്ന് തന്നെ നിസംശയം പറയാം. എസി മുറിയിലിരുന്ന് ആസൂത്രണം ചെയ്യുകയായിരുന്നില്ല കെസി ചെയ്തത്. നൂറുദിവസത്തോളമാണ് രാഹുലിന്‍റെ യാത്രയ്ക്ക് ഒപ്പം കെസിയും നടന്നത്. മണിപ്പൂരില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് രാഹുല്‍ ഗാന്ധി നയിച്ച ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ പ്രധാന ആസൂത്രകനും കെസിയായിരുന്നു. ഈ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന്‍റെ ബലവും അടിത്തറയും രൂപപ്പെടുത്തിയതില്‍ ഈ ചരിത്രയാത്രകളുടെ പങ്ക് ചെറുതല്ല.

ദേശീയ രാഷ്ട്രീയത്തില്‍ മൂന്ന് എഐസിസി പ്രസിഡന്‍റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായാണ് കെ.സി. വേണുഗോപാല്‍ ഇന്ത്യാ മുന്നണി സംവിധാനത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്ത്യാ മുന്നണിയുടെ പ്രധാന സംഘാടകനും ആസൂത്രകനും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം. 26 പ്രതിപക്ഷ പാര്‍ട്ടികളെ ഒരേ വേദിയില്‍ അണിനിരത്തിയ മാസ്റ്റര്‍ മൈന്‍ഡാണ് കെസി. തിരഞ്ഞെടുപ്പെത്തും മുന്നേ അടിച്ചുപിരിയുമെന്ന് സകലരും സ്വപ്നം കണ്ട ഇന്ത്യാ മുന്നണിയെ കൃത്യമായ സീറ്റ് വിഭജനത്തിലൂടെയും നയങ്ങളിലൂടെയും കരയ്ക്കടുപ്പിച്ചത് അതേ സംഘടനാ പാടവം തന്നെയാണ്. തെക്കേ അറ്റത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുതല്‍ എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതല്‍ കശ്മീരിലെ ഫറൂഖ് അബ്ദുള്ള വരെ നീളുന്ന നേതാക്കളുമായുള്ള ദൃഢബന്ധവും ഏതു സമയത്തും അവരുമായി പ്രശ്ന പരിഹാരത്തിനും പരിപാടികള്‍ ഏകോപിപ്പിക്കാനുമുള്ള വ്യക്തിബന്ധവും വേണുഗോപാലിന്‍റെ നയതന്ത്ര മികവിന് സാക്ഷ്യമാണ്. കേന്ദ്ര സര്‍ക്കാറിന്‍റെ രാഷ്ട്രീയ സമ്മര്‍ദ്ദവും അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഭീഷണിയും അതിജീവിച്ചാണ് ഇതിനു നേതൃത്വം നല്‍കിയത് എന്നതും ചെറിയ കാര്യമല്ല. ഒപ്പം നിന്ന നേതാക്കളില്‍ പലരെയും ബിജെപി റാഞ്ചിയപ്പോഴും തന്‍റെ നിലപാടിലും കാഴ്ചപ്പാടിലും ഒട്ടും വെള്ളം ചേര്‍ക്കാത്ത കെ.സി. വേണുഗോപാല്‍ ആത്മാഭിമാനമുള്ള മലയാളിയുടെ ദൃഷ്ടാന്തമാണ്. അഞ്ചുവര്‍ഷം മുമ്പ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി എഐസിസിയുടെ തലപ്പത്തേക്ക് എത്തുമ്പോള്‍ തകര്‍ന്നു തരിപ്പണമായിക്കിടന്നിരുന്ന കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് ഏത് അതിശക്തനേയും മലര്‍ത്തിയടിക്കാനുള്ള ആത്മവിശ്വാസത്തിലേക്ക് കോണ്‍ഗ്രസ് വളര്‍ന്നെങ്കില്‍ അതിന് പുറകിലും ഇതേ കെസി തന്നെയാണ്.

കെസിയുടെ സംഘാടന മികവില്‍ ഭാരത് ജോഡോ യാത്രകളും ചിന്തന്‍ ശിബിറും പ്ലീനറിയും തിരഞ്ഞെടുപ്പുമൊക്കെ വിജയകരമായി കടന്നുപോയത് ദേശീയ രാഷ്ട്രീയം കൗതുകപൂര്‍വം നിരീക്ഷിച്ചതാണ്. ജനാധിപത്യ, മതേതര ഇന്ത്യയ്ക്കുവേണ്ടി വര്‍ഗീയ ശക്തികളോടും കുത്തകകളോടും സന്ധിയില്ലാതെ പോരാടുന്ന രാഹുല്‍ ഗാന്ധിയുടെ വലംകൈയും രാജ്യം ഉറ്റുനോക്കുന്ന ദേശീയ നേതാവുമായ കെ.സി.വേണുഗോപാല്‍ ആലപ്പുഴയിലെ മത്സരത്തെ സംബന്ധിച്ച് വ്യക്തിപരമായി ആക്രമിക്കപ്പെട്ടത് നമ്മുടെ കണ്‍മുന്നിലുണ്ട്. ഒട്ടും നിസാരനല്ലാത്ത എതിരാളിയില്‍ നിന്ന് ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നിലുണ്ടായിരുന്ന ഏക വഴി കെസിയുടെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. അമേഠിയിലും റായ്ബറേലിയിലും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലും തുടങ്ങി വടകരയില്‍ വരെ ‘സര്‍പ്രൈസ്’ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച രാഷ്ട്രീയ ചാണക്യന്‍ വ്യക്തിഹത്യകള്‍ ഭയക്കാതെ സ്വയം ആലപ്പുഴയിലെ അങ്കത്തട്ടിലേക്കിറങ്ങുകയായിരുന്നു. അതുകൊണ്ടുമാത്രമാണ് ആലപ്പുഴ മണ്ഡലം കോണ്‍ഗ്രസിനും യുഡിഎഫിനും ഇപ്പോള്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചതും. ആള്‍ക്കൂട്ടങ്ങളുടെ നായകന്‍ മാത്രമല്ല കെസി, അടിസ്ഥാന വര്‍ഗത്തെ ചേര്‍ത്തുനിര്‍ത്തി അവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കരുതലും കാവലുമാണ് കെസിയെന്ന് രാഷ്ട്രീയ ശത്രുക്കള്‍ പോലും ശരി വെക്കുന്നു.

Comments (0)
Add Comment