കേന്ദ്രസര്‍ക്കാറിന്‍റെ മൗനാനുവാദത്തോടെ എണ്ണക്കമ്പനികള്‍ പൊതുജനത്തെ കൊള്ളയടിക്കുന്നത് തുടരുന്നു : കെ.സി. വേണുഗോപാല്‍ എംപി.

Jaihind News Bureau
Wednesday, February 10, 2021

എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാറിന്‍റെ മൗനാനുവാദത്തോടെ പൊതുജനത്തെ യഥേഷ്ടം കൊള്ളയടിക്കുന്നത് തുടരുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.   വിലക്കയറ്റം പ്രത്യക്ഷമായും പരോക്ഷമായും എല്ലാ സാധാരണക്കാരുടെയും നിത്യജീവിതത്തെ താളം തെറ്റിക്കുമ്പോഴും നിഷ്‌ക്രിയരായി, കുത്തകകളെ സഹായിക്കുകയാണ് കേന്ദ്രം.

ഇന്ന് രാജ്യസഭയില്‍ കണക്കുകള്‍ സഹിതം വിഷയം അവതരിപ്പിച്ചപ്പോഴും പതിവ് നിലപാടും നട്ടാല്‍ മുളയ്ക്കാത്ത ന്യായവുമായിരുന്നു കേന്ദ്രത്തിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന വിലവര്‍ധനവില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ സംസ്ഥാനങ്ങളുടെ മേല്‍ പഴിചാരാനായിരുന്നു കേന്ദ്രം ശ്രമിച്ചതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

കെ.സി.വേണുഗോപാലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാറിന്റെ മൗനാനുവാദത്തോടെ പൊതുജനത്തെ യഥേഷ്ടം കൊള്ളയടിക്കുന്നത് തുടരുകയാണ്.
വിലക്കയറ്റം പ്രത്യക്ഷമായും പരോക്ഷമായും എല്ലാ സാധാരണക്കാരുടെയും നിത്യജീവിതത്തെ താളം തെറ്റിക്കുമ്പോഴും നിഷ്‌ക്രിയരായി, കുത്തകകളെ സഹായിക്കുകയാണ് കേന്ദ്രം.
ഇന്ന് രാജ്യസഭയില്‍ കണക്കുകള്‍ സഹിതം വിഷയം അവതരിപ്പിച്ചപ്പോഴും പതിവ് നിലപാടും നട്ടാല്‍ മുളയ്ക്കാത്ത ന്യായവുമായിരുന്നു കേന്ദ്രത്തിന്റേത്.
ഇന്ധന വില 300 ദിവസങ്ങള്‍ക്കുള്ളില്‍ 60 തവണ കൂട്ടിയ കാര്യം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവന്നു.
ക്രൂഡ് വില ബാരലിന് 120 ഡോളര്‍ ഉണ്ടായിരുന്ന 2010-11 കാലത്തു പോലും ഇന്ധന വില ഇത്രയും ഉയര്‍ന്നിരുന്നില്ല. ഇപ്പോള്‍ ക്രൂഡ് വില 60 ഡോളറിലും താഴെയാണ്.
ഇന്ധന വിലവര്‍ധനവില്‍ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ സംസ്ഥാനങ്ങളുടെ മേല്‍ പഴിചാരാനായിരുന്നു കേന്ദ്രം ശ്രമിച്ചത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നുമാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള നികുതിയെ പ്രധാന വരുമാനമാര്‍ഗമായി കാണുന്നു.
വാറ്റില്‍ ഇളവ് വരുത്തി സംസ്ഥാനങ്ങള്‍ക്ക് വില നിയന്ത്രിക്കാമെന്നായിരുന്നു മന്ത്രിയുടെ ഉപദേശം. അപ്പോഴും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ റോള്‍ എന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല.
ഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണെന്നിരിക്കേ സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി. അസംസ്‌കൃത എണ്ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലല്ല. പെട്രോള്‍ വില 100 രൂപയിലേക്ക് അടുത്തുകൊണ്ടിരിക്കേ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറാട്ടില്ല.
അന്താരാഷ്ട്ര വിലയില്‍ മാറ്റമുണ്ടായാല്‍ ആ പ്രൈസിംഗ് മെക്കാനിസവുമായി ഒത്തുപോകേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ ആശ്ചര്യകരമായ മറുപടി!
മന്ത്രിയുടെ ഉപദേശം ലഭിക്കുന്നതിന് എത്രയോ മുമ്പ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ച് ജനങ്ങള്‍ക്ക് മേലുള്ള അധികഭാരം ഒഴിവാക്കിയിരുന്നു എന്നോര്‍ക്കണം. ജനുവരി 28 മുതല്‍ ഈ ഇളവ് പ്രാബല്യത്തില്‍ വരികയും ചെയ്തതാണ്.
കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങളുടെ ഭാരം കുറയ്‌ക്കേണ്ടത് ഒരു ജനാധിപത്യ സര്‍ക്കാറിന്റെ കടമയാണ്.
കേന്ദ്രം അതു ചെയ്യുന്നില്ലെന്ന് മാത്രമല്ല, കേരള സര്‍ക്കാറും ജനങ്ങളെ അനസ്യൂതം കൊള്ളയടിക്കുകയാണ്.
പെട്രോള്‍ വില കേരളത്തില്‍ 90 ലേക്കും ഡീസല്‍ വില 82 രൂപയിലേക്കും എത്തുമ്പോഴും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അതില്‍ നിന്നുള്ള അധിക നികുതി ഊറ്റുകയാണ്. രാജസ്ഥാന്റെ മാതൃക പിന്തുടര്‍ന്ന് നികുതി കുറച്ച് ജനങ്ങളെ സഹായിക്കാന്‍ ഈ സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല? മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത്തരത്തില്‍ അധിക നികുതി വേണ്ടെന്ന് വെച്ച മഹത്തായ മാതൃക ജനങ്ങളുടെ മുമ്പിലുണ്ട്.
ഈ നാട് ഇതെല്ലാം കാണുന്നുണ്ട്, എല്ലാം വിലയിരുത്തുന്നുമുണ്ട്….