പ്രിയങ്കാ ഗാന്ധി ഏർപ്പെടുത്തിയ 1000 ബസുകള്‍ക്ക് അനുമതി നിഷേധിച്ച സംഭവം: യോഗി സര്‍ക്കാരിന്‍റേത് മനുഷ്യത്വമില്ലാത്ത സമീപനമെന്ന് കെ.സി വേണുഗോപാല്‍

Jaihind News Bureau
Tuesday, May 19, 2020

അതിഥിതൊഴിലാളികൾക്ക് വീടണയാൻ പ്രിയങ്കാ ഗാന്ധി മുൻകൈയെടുത്ത്‌ ഏർപ്പെടുത്തിയ ബസ് സേവനം നിഷേധിക്കാൻ മുടന്തൻ ന്യായങ്ങൾ നിരത്തുന്ന യോഗി ആദിത്യനാഥ് സർക്കാരിന്‍റെ സമീപനം മനുഷ്യത്വമില്ലായ്മയാണെന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തൊഴിൽ നഷ്ടപ്പെട്ട്, കൊറോണ ഭീതിയിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് കിലോമീറ്ററുകളോളം കാൽനടയായി ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് സഞ്ചരിക്കുന്നത്. ഇവരുടെ ദുരിതത്തിന് അറുതി വരുത്താനാണ് യു പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി മുൻകൈയെടുത്ത് 1000 ബസുകൾ വിട്ടുനൽകാൻ തീരുമാനിച്ചത്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് പകരം വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സ്വീകരിച്ചത്.

ആദ്യം ബസുകൾക്കു അനുമതി നിഷേധിച്ചതിന് ശേഷം ഒടുവിൽ പ്രതിഷേധങ്ങൾക്കു മുമ്പിൽ മുട്ടുമടക്കി അനുമതി നല്‍കാൻ തയ്യാറായി. പിന്നീട് അതിർത്തിയിൽ സജ്ജമാക്കി നിർത്തിയ ബസുകൾ ഫിറ്റ്നസ് പരിശോധനക്കായി തലസ്ഥാനമായ ലക്‌നോവിലേക്ക് അയക്കാൻ അപ്രായോഗികമായ നിർദേശം നൽകി വഴിമുടക്കാനായി ശ്രമം. ഈ മഹാമാരിയുടെ കാലത്തു പോലും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല സഹായം ചെയ്യുന്നവരെ ഏതു വിധേനയും തടയാനുമാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഭക്ഷണവും, വെള്ളവുമില്ലാതെ കാൽനടയായി സഞ്ചരിക്കുന്ന കുട്ടികളും, സ്ത്രീകളും ഉൾപ്പെടുന്നവർക്ക് ഭക്ഷണവും അഭയവും നൽകിയതിനാണ് എല്ലാ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടും ഡൽഹി പി സി സി അധ്യക്ഷൻ അനിൽ ചൗധരിയെ കഴിഞ്ഞ ദിവസം വീട്ടു തടവിലാക്കിയത്. ഇതോടൊപ്പം തന്നെയാണ് ഏകാധിപത്യ നിലപാടുകൾക്ക് ഉപേക്ഷിച്ചു കൂട്ടായ പരിശ്രമങ്ങൾക്ക് ലോകമെങ്ങും മുന്നിട്ടിറങ്ങുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചു പാവങ്ങളായ തൊഴിലാളികളെ തെരുവിൽ തന്നെ ഉപേക്ഷിക്കാൻ യോഗി സർക്കാർ അവസരമൊരുക്കുന്നതും. ഇത് മാപ്പർഹിക്കാത്ത പാതകമാണെന്നും, നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നും കെ.സി.വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.