‘സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുത്’; വയനാട് പുനരധിവാസത്തില്‍ കര്‍ണ്ണാടക, തെലങ്കാന സര്‍ക്കാരുകള്‍ ഭൂമി വാങ്ങി വീടുവെയ്ക്കാനുള്ള സന്നദ്ധത അറിയിച്ചെന്ന് കെ.സി വേണുഗോപാല്‍

 

കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.  പുനരധിവാസത്തിനായി കേരള സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ സ്വന്തം നിലയക്ക് ഭൂമി വാങ്ങി വീടുവെയ്ക്കാനുള്ള എല്ലാക്കാര്യങ്ങളും ചെയ്യുമെന്ന് കര്‍ണ്ണാടക, തെലങ്കാന സര്‍ക്കാരുകള്‍ അറിയിച്ചിരുന്നു.  ഇത് സംബന്ധിച്ച് ഇരുസര്‍ക്കാരുകളും നിരന്തരം ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ ആശയവിനിമയം പോലും നടത്തിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

ഫെയ്‌ജിൻ ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിന് കേന്ദ്രസര്‍ക്കാര്‍ 944 കോടി നല്‍കിയത് നല്ലകാര്യം തന്നെയാണ്. എന്നാല്‍ വയനാട് ദുരന്തം സംഭവിച്ച് നാലുമാസം പിന്നിട്ടിട്ടും സഹായമില്ല. കേരളത്തിനും അര്‍ഹമായ കേന്ദ്ര സഹായം നല്‍കണം. പ്രധാനമന്ത്രിയും കേന്ദ്രസംഘവും ദുരന്തസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി മനസിലാക്കിയിട്ടും അടിയന്തര സഹായമായി തുക അനുവദിക്കാത്തത് ശരിയല്ല. ഇത് വയനാടിനെയും അവിടത്തെ ജനങ്ങളെയും ശിക്ഷിക്കുന്നതിന് തുല്യമാണെന്നും കെ.സി. ചൂണ്ടികാട്ടി.

കേന്ദ്രം സഹായം വൈകുന്നതിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കരുത്. സംസ്ഥാന സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കണം. സംസ്ഥാന സര്‍ക്കാര്‍ കടമ നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയതിനാലാണ് ഹൈക്കോടതിക്ക് രൂക്ഷമായി വിമര്‍ശിക്കേണ്ടി വന്നത്. ഹൈക്കോടതിയുടെ വിമര്‍ശനം കേരള ജനതയുടെ വിമര്‍ശനമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

 

Comments (0)
Add Comment