ചേർത്തല : ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിന്‍റെ ചേർത്തല നിയോജക മണ്ഡലം സ്ഥാനാർത്ഥി പര്യടനം ജനഹൃദയങ്ങളെ ഇളക്കി മറിച്ചു. രാവിലെ 7.30 ഓടെ ആറാട്ട് വഴി കടപ്പുറത്താണ് പര്യടനത്തിന് തുടക്കമായത്. കെ.സി.വേണുഗോപാലിന് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. പടക്കം പൊട്ടിച്ചും പാഞ്ചാരി മേളത്തിന്‍റെയും അകമ്പടിയോടെയാണ് പ്രവർത്തകർ സ്വീകരണം ഒരുക്കിയത്.
തുടർന്ന് വെട്ടയ്ക്കൽ ജംഗ്ഷൻ, അത്തിക്കാട്, പൊന്നാം വെളി, വെള്ളാഴത്തുകവല, പൂജവെളി, ഇന്ദിര ജംഗ്ഷൻ, കളവംകോടം ക്ഷേത്രത്തിന് തേക്കുവശം, കടക്കരപ്പള്ളി മാർക്കറ്റ്, കൊട്ടാരം ശാസ്താം കവല, തൈക്കൽ ബീച്ച്, വെളോർവ്വട്ടം, മുപ്പത്തി ഒന്നാം വാർഡ് അംഗൻവാടി, ഷണ്മുഖ ക്ഷേത്രം, തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റു വാങ്ങിയ ശേഷം 12.45 ന് പുരുഷൻ കവലയിൽ ഉച്ചവരെയുള്ള പര്യടനം സമാപിച്ചു. നൂറുകണക്കിന് ആളുകളാണ് ഓരോ വഴിയോരങ്ങളിലും കെ.സി.വേണുഗോപാലിനായി കാത്തു നിന്നത്. സംസ്ഥാന സർക്കാരിന്‍റെ ഭരണത്തിൽ ജനം പൊറുതി മുട്ടിയിരിക്കുകയാണ്. ബോംബുണ്ടാക്കലാണ് ഭരിക്കുന്ന പാർട്ടിയുടെ പണിയെന്നും കേരളത്തിൽ സമാധാനാന്തരീക്ഷം തകർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്‍റെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണമാറ്റം കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ 10 വർഷം ആയി ഏകാധിപതികളെ പോലെ പെരുമാറുന്ന സർക്കാർ ആണ് ഇവിടെ ഭരിക്കുന്നത്. ഇതിന് മാറ്റം ഉണ്ടാകണം. കേരളത്തിൽ എൽഡിഎഫിന് ചെയ്യുന്ന ഓരോ വോട്ടും ബിജെപിക്ക് ഉള്ളതായിരിക്കുമെന്നും അതുകൊണ്ട് രാജ്യത്തിന്‍റെ ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പിൽ യുക്തി പൂർവ്വം വോട്ട് രേഖപ്പെടുത്താണമെന്നും അദ്ദേഹം പറഞ്ഞു.