മലയാളികളുടെ മടക്കം: സൗജന്യ ട്രെയിന്‍ സർവീസ് ഏർപ്പെടുത്താൻ രാജസ്ഥാനും പഞ്ചാബും സന്നദ്ധത അറിയിച്ചതായി കെ.സി വേണുഗോപാൽ

Jaihind News Bureau
Sunday, May 17, 2020

 

ലോക്ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ രാജസ്ഥാനിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്താൻ രാജസ്ഥാൻ സർക്കാർ സന്നദ്ധത അറിയിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. പഞ്ചാബ് സർക്കാരും സമാനമായ രീതിയിൽ സൗജന്യമായി ട്രെയിൻ സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വേണുഗോപാൽ അറിയിച്ചു.

രാജസ്ഥാനിലും പഞ്ചാബിലുമായി പലയിടങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായും, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായും കെ സി വേണുഗോപാൽ ചർച്ച നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെയും, അവശത അനുഭവിക്കുന്നവരെയും സൗജന്യമായി സ്വന്തം നാടുകളിലെത്തിക്കാൻ കോൺഗ്രസ് സർക്കാരുകളും , പി സി സി കളും നടപടികൾ സ്വീകരിക്കണമെന്നു കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി നേരത്തെ നിർദേശം നൽകിയിരുന്നു.

രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളാണ് ട്രെയിനിന്റെ ചിലവ് പൂർണമായും വഹിക്കുക. രാജസ്ഥാനിൽ നിന്നുള്ള ട്രെയിൻ ജയ്‌പൂർ, ചിറ്റോർഗഡ് എന്നിവടങ്ങളിൽ നിന്നും യാത്രക്കാരുമായി പുറപ്പെട്ടു, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ യാത്രക്കാരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചാബിൽ നിന്നുള്ള ട്രെയിൻ ജലന്ധറിൽ നിന്നും ആരംഭിച്ചു പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും യാത്രക്കാരെ എത്തിക്കും. 1450 യാത്രക്കാരെ വഹിക്കാവുന്ന ഈ ട്രെയിനുകളിൽ യാത്ര സൗജന്യമായിരിക്കുമെന്നും രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ കേരള സർക്കാരുമായി ബന്ധപ്പെട്ടു മറ്റു നടപടികൾ പൂർത്തിയാക്കുമെന്നും വേണുഗോപാൽ അറിയിച്ചു.

നടപടികൾ പൂർത്തിയായാൽ മെയ് 19 -20 തീയതികളിലായി യാത്ര പുറപ്പെടാൻ ട്രെയിനുകൾ സജ്ജമാണെന്ന് രാജസ്ഥാൻ, പഞ്ചാബ് മുഖ്യമന്ത്രിമാർ അറിയിച്ചതായും വേണുഗോപാൽ പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമായ മാതൃകകളാണ് രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ പ്രകടിപ്പിച്ചിരിക്കുന്നതെന്നും, മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ടിനും, ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനും നന്ദി അറിയിക്കുന്നതായും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.