ഡല്‍ഹി പോലീസിന്‍റെ അക്രമം സിപിഎം – ബിജെപി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗം : കെസി വേണുഗോപാല്‍ എംപി

Jaihind Webdesk
Thursday, March 24, 2022

സിൽവർ ലൈൻ പദ്ധതിക്കെതിരേ പാർലമെന്‍റിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ ഞങ്ങൾ യുഡിഎഫ് എംപിമാരെ ആക്രമിച്ച നടപടിക്കെതിരെ പാർലമെന്‍റില്‍ രൂക്ഷ വിമർശനമുന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.  അങ്ങേയറ്റം കാടത്തമാണ് ഡൽഹി പോലീസ് എംപിമാരോട് കാട്ടിയതെന്നും ഒരു പ്രകോപനവുമില്ലാതെ മർദ്ദിച്ച ഡൽഹി പോലീസിന്‍റെ നടപടി സിപിഎം – ബിജെപി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണോയെന്ന് നരേന്ദ്ര മോദിയും പിണറായി വിജയനും മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീയെന്ന പരിഗണന പോലും നൽകാതെ രമ്യാ ഹരിദാസിനെ പുരുഷ പോലീസുകാർ ആക്രമിക്കുകയായിരുന്നു. ടി എൻ പ്രതാപനേയും ഹൈബി ഈഡനേയും എംപിമാരണെന്നറിഞ്ഞു കൊണ്ടു തന്നെ ക്രൂരമായി മർദ്ദിച്ചു. ബി ജെ പിയുടെ കേന്ദ്രസർക്കാർ നേരിട്ടു നിയന്ത്രിക്കുന്ന ഡൽഹി പോലീസിനു മുന്നിൽ പ്രതിപക്ഷത്തെ എംപിമാർക്കു പോലും രക്ഷയില്ലാതായി. സിൽവർ ലൈൻ പദ്ധതി സിപിഎമ്മിന്‍റെ മാത്രം സൃഷ്ടിയല്ല അതിന്‍റെ പങ്ക് ബിജെപിക്കും കിട്ടുമെന്ന് ഉറപ്പായി. സിൽവർ ലൈൻ പദ്ധതിക്കായി കേന്ദ്ര പിന്തുണ തേടി പിണറായി മോദിയെ സന്ദർശിക്കാനെത്തിയ ദിവസം തന്നെ ഒരു പ്രകോപനവുമില്ലാതെ യുഡിഎഫ് ജനപ്രതിനിധികൾക്കു നേരെയുണ്ടായ ഈ മർദ്ദനം കേരളത്തിലെ പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്ന ജനങ്ങൾക്കുള്ള താക്കീതാണോയെന്ന് പിണറായി പറയണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

സമാധാനപരമായി പ്രതിഷേധം നടത്തിയ എംപിമാരെ പോലും ക്രൂരമായി മർദിച്ച സംഭവത്തിൽ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇന്നത്തെ സംഭവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട്‌ ആഭ്യന്തര വകുപ്പിൽ നിന്ന് തേടുമെന്ന് രാജ്യസഭാ ചെയർമാൻ ഉറപ്പ് നൽകിയിട്ടുണ്ട്. ഈ കിരാത നടപടിക്കെതിരേ എല്ലാ ജനാധിപത്യ വിശ്വാസിക പ്രതിഷേധിക്കണമെന്നും  കെസി വേണുഗോപാല്‍ അഭ്യർത്ഥിച്ചു.