ഭീകരവാദിയെ പിടിക്കുന്നത് പോലെ അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ ചെയ്ത കുറ്റമെന്ത്? ഫാസിസ്റ്റ് നടപടിയെന്ന് കെ.സി. വേണുഗോപാല്‍ എംപി

 

കേരളത്തില്‍ നടക്കുന്ന പോലീസ് രാജിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പുലര്‍ച്ചെ വീടുവളഞ്ഞ് അറസ്റ്റു ചെയ്ത നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.

അധികാര മുഷ്‌ക്കിലും ധാര്‍ഷ്ട്യത്തിലും അഭിരമിച്ച് ജീവിക്കുന്ന ഒരു മുഖ്യമന്ത്രിയുടെയും അയാളുടെ ഓഫീസിലെ കാക്കിയിടാത്ത അഭിനവ ഡിജിപിയുടെയും പകല്‍ സ്വപ്നത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‍റെ അറസ്റ്റ്. ഭീകരവാദിയെ പിടിച്ച് കൊണ്ടുപോകുന്ന വിധം അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു. ഒരുപാട് പോലീസ് നരയാട്ട് കണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രിയുടെ ഇത്തരം ഉത്തരവുകള്‍ അതേപടി നടപ്പിലാക്കാന്‍ പുറപ്പെടുന്ന പോലീസ് ഏമാന്മാര്‍ വിസ്മരിക്കരുത്. ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന പൊതുപ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നത് ഫാസിസ്റ്റ് നടപടിയാണ്. അതിന്‍റെ എല്ലാ സീമകളും ലംഘിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ഒരു കമ്യൂണിസ്റ്റ് നേതാവിന് ചേര്‍ന്നതാണോയെന്ന് സിപിഎം വിലയിരുത്തിയാല്‍ നന്നെന്നും വേണുഗോപാല്‍ പറഞ്ഞു.

പ്രതിഷേധ മാര്‍ച്ചുകളുടെ പേരില്‍ കേസെടുക്കുന്നത് പോലീസിന്‍റെ സ്വാഭാവിക നടപടിയാണ്. എന്നാല്‍ ഇത്തരത്തില്‍ പുലര്‍ച്ചെ വീടുവളഞ്ഞ് ഒരു പൊതുപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്ന രീതി കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. കോടതിയില്‍ ചെന്നാല്‍ ജാമ്യം ലഭിക്കുന്ന പതിവ് വകുപ്പുകള്‍ക്ക് അപ്പുറത്തേക്ക് ഒന്നുമില്ലാത്ത ഈ കേസില്‍ എന്തടിസ്ഥാനത്തിലാണ് പുലര്‍ച്ചെ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ അറസ്റ്റ് ചെയ്തത് കൊണ്ടൊന്നും കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയുമൊക്കെ പ്രതിസന്ധിയിലേക്ക് തള്ളിവിടാമെന്നാണ് കരുതുന്നതെങ്കില്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. രാഷ്ട്രീയമായും നിയമപരമായും രാഹുലിനോടൊപ്പം ശക്തമായി കോണ്‍ഗ്രസ് അണിനിരക്കുമെന്നും കെ.സി.വേണുഗോപാല്‍ എംപി വ്യക്തമാക്കി.

Comments (0)
Add Comment