‘സിദ്ദിഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തണം’ : യോഗിക്ക് കെ.സി വേണുഗോപാല്‍ എം.പിയുടെ കത്ത്

Jaihind Webdesk
Monday, April 26, 2021

മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കത്തയച്ചു. യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചും മനുഷ്യാവകാശ ലംഘനത്തെ സംബന്ധിച്ചും പുറത്തു വരുന്ന വാർത്തകൾ ആശങ്കാജനകമാണ്. കൊവിഡ് ബാധിതനായി മധുര മെഡിക്കൽ കോളേജിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് പ്രമേഹവും ഹൃദയ സംബന്ധവുമായ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുകയാണ്.

ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ അങ്ങേയറ്റം മനുഷ്യാവകാശ ലംഘനമാണ് അദ്ദേഹം നേരിടുന്നതെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ആശങ്കയിലാണ്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് സിദ്ദിഖ് കാപ്പന് ആവശ്യമായ ചികിത്സ ഉറപ്പു വരുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി വേണുഗോപാൽ യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.