‘ജനാധിപത്യത്തെ അട്ടിമറിക്കാനും സ്വന്തം ജനതയെ വഞ്ചിക്കാനും മടിക്കാത്തവർ; മോദി സർക്കാര്‍ മറുപടി പറഞ്ഞേ തീരൂ’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, January 29, 2022

ജനാധിപത്യത്തെ പോലും അട്ടിമറിക്കാനും സ്വന്തം ജനതയെ വഞ്ചിക്കാനും ഒരുമടിയുമില്ലാത്തവരാണ് മോദി സര്‍‍ക്കാരെന്ന് വീണ്ടും തെളിഞ്ഞതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് സംബന്ധിച്ച ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ കശാപ്പുചെയ്യാൻ എത്ര തരംതാണ വഴികളും ഉപയോഗിക്കാൻ മടിക്കാത്ത ഒരു ഭരണകൂടം ഇന്ത്യയിലൊഴിച്ച് വേറൊരിടത്തുമുണ്ടാകില്ല എന്നത് വീണ്ടും മോദി സര്‍ക്കാർ തെളിയിച്ചു. ജനങ്ങൾക്ക് മുമ്പിൽ കള്ളംപറഞ്ഞ് രക്ഷപെടാൻ ശ്രമിച്ച നരേന്ദ്ര മോദിക്കും കൂട്ടർക്കുമേറ്റ കനത്തപ്രഹരമാണ് ഇന്നുപുറത്തുവന്ന മാധ്യമ വെളിപ്പെടുത്തൽ. മോദി സർക്കാർ  രാജ്യത്തെ ജനങ്ങളെയും പാര്‍ലമെന്‍റിനെയും സുപ്രീം കോടതിയെയും കളവ് പറഞ്ഞ് വഞ്ചിച്ചു. സ്വന്തം ജനതയെ ഒറ്റികൊടുക്കുന്ന കപട ദേശസ്നേഹത്തിന്‍റെ മുഖം മൂടി വലിച്ചുകീറി രാജ്യത്തെ പൗരന്മാർക്ക് സത്യം ബോധ്യപ്പെടും വരെ നീതിക്കായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

 

ജനാധിപത്യത്തെ കശാപ്പുചെയ്യാൻ എത്ര തരംതാണ വഴികളും ഉപയോഗിക്കാൻ മടിക്കാത്ത ഒരു ഭരണകൂടം ഇന്ത്യയിലൊഴിച്ചു വേറൊരിടത്തുമുണ്ടാകില്ല എന്നത് വീണ്ടും വീണ്ടും അവർ തെളിയിക്കുകയാണ്. 2017 ൽ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനവേളയിൽ ഇന്ത്യയും ഇസ്രയേലുമായി ഉറപ്പിച്ച ഡീൽ വഴി നടന്ന 200 കോടി ഡോളറിന്റെ പ്രതിരോധ ഇടപാടിന്റെ ഭാഗമായി പെഗാസസ് ചാര സോഫ്റ്റ്‌വെയർ കൂടി സർക്കാർ വാങ്ങിയെന്ന ആധികാരിക വിവരം പുറത്തുകൊണ്ടുവന്നിരിക്കുന്നത് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക് ടൈംസ് ആണ്. 2017 ൽ വാങ്ങിയ സോഫ്റ്റ്‌വെയർ, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018 നും 2019 നും ഇടയിലാണ് കൂടുതൽ പേരുടേയും ഫോൺ ചോർത്തിയതെന്ന വിവരം നേരത്തെ പുറത്തുവന്നപ്പോൾ ജനങ്ങൾക്കു മുൻപിൽ കള്ളംപറഞ്ഞു രക്ഷപെടാൻ ശ്രമിച്ച നരേന്ദ്രമോദിക്കും കൂട്ടർക്കുമേറ്റ കനത്തപ്രഹരമാണ് ഇന്നുപുറത്തുവന്ന മാധ്യമ വെളിപ്പെടുത്തൽ.

കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ ഫോൺ വിവരം സർക്കാർ തന്നെ വർഷങ്ങളോളം ചോർത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ പാർലമെന്റിനെ പോലും തെറ്റിദ്ധരിപ്പിച്ചു സോഫ്റ്റ്‌വെയർ സർക്കാർ ഉപയോഗിച്ചിട്ടില്ലെന്നാണ് സർക്കാർ സ്വീകരിച്ച നിലപാട്. പക്ഷെ അത് കോടതിപോലും മുഖവിലക്കെടുത്തില്ല. ആരോപണം വിദഗ്ധസമിതി അന്വേഷിക്കാമെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളിക്കൊണ്ട് സുപ്രീം കോടതി സ്വന്തം നിലയിൽ ജസ്റ്റിസ് വി ആർ രവീന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഇന്ന് വന്ന മാധ്യമ വാർത്തകളും അന്വേഷണത്തിന്റെ ഭാഗമാകുമെന്നും സത്യം പുറത്തുവരുമെന്നും പ്രത്യാശിക്കുന്നു.
ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സർക്കാരുകൾക്ക് മാത്രം ലഭിക്കുന്ന ചാര സോഫ്റ്റുവെയറാണ് എന്നിരിക്കെ ഒരുനാൾ സത്യം പുറത്തുവരുമെന്നത് ഉറപ്പായിരുന്നു. സ്വന്തം പൗരന്മാരുടെ സ്വകാര്യതയിലേക്കു കടന്നുകയറി വിവരങ്ങൾ ചോർത്തിയും പ്രതിപക്ഷത്തെയും ന്യായാധിപരെയും മാധ്യമങ്ങളെപോലും എന്തിനേറെ സ്വന്തം കൂടാരത്തിലുള്ളവരെ പോലും സംശയ ദൃഷ്ടിയോടെ നിരീക്ഷിക്കുകയും അവരുടെ സ്വകാര്യ വിവരങ്ങൾ പോലും ചോർത്തുകയും ചെയ്ത മോഡി സർക്കാർ രാജ്യത്തിന് അപമാനമാണ്.

ഇന്നുവരെ കേന്ദ്രസർക്കാർ രാജ്യത്തോട് കളവുപറയുകയായിരുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യംവന്നിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഈ വിഷയത്തിൽ ഇന്നുവരെ പറഞ്ഞതെല്ലാം സത്യവിരുദ്ധമായിരുന്നു. അവർ ചാര സോഫ്റ്റ്‌വെയർ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തു. ആരോപണമുയർന്നപ്പോൾ പാര്ലമെന്റിനെയും സുപ്രീം കോടതിയെയും കളവുകൾ നിരത്തി തെറ്റിദ്ധരിപ്പിച്ചു.

രാജ്യത്തെ ജനാധിപത്യത്തെ പോലും അട്ടിമറിക്കാനും സ്വന്തം ജനതയെ വഞ്ചിക്കാനും ഒരുമടിയുമില്ലാത്ത മോഡി സർക്കാർ ഇതിനു മറുപടി പറഞ്ഞേതീരൂ. കോൺഗ്രസ് ഈ വിഷയം പാർലമെന്റിലും പുറത്തും വീണ്ടും ശക്തമായി ഏറ്റെടുക്കും. സ്വന്തം ജനതയെ ഒറ്റുകൊടുക്കുന്ന കപട ദേശസ്നേഹത്തിന്റെ മുഖം മൂടി വലിച്ചുകീറി രാജ്യത്തെ പൗരന്മാർക്ക് സത്യം ബോധ്യപ്പെടും വരെ നീതിക്കായി പോരാടും.