മനുഷ്യ-മൃഗ സംഘര്‍ഷം ലോക്‌സഭയില്‍ ഉന്നയിച്ച് കെ.സി. വേണുഗോപാല്‍ എംപി

 

ന്യൂഡൽഹി : ജീവനും സ്വത്തിനും ഭീഷണിയായി വര്‍ധിച്ചുവരുന്ന കേരളത്തിലെ മനുഷ്യ-മൃഗ സംഘര്‍ഷം തടയാന്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഫലപ്രദമായ ഇടപെടാല്‍ ഉണ്ടാകണമെന്ന് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് മനുഷ്യ-മൃഗ സംഘര്‍ഷം സംബന്ധിച്ച വിഷയം കെ.സി. വേണുഗോപാല്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചത്.

വന്യജീവികളുടെ സഞ്ചാരം തത്സമയം നിരീക്ഷിക്കുന്നതിന് സെന്‍സര്‍ അധിഷ്ഠിത സാങ്കേതികവിദ്യകള്‍, ക്യാമറ ട്രാപ്പുകള്‍, ഡ്രോണുകള്‍ എന്നിവ പ്രയോജനപ്പെടുത്തി മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തുക. ആവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍, ജിപിഎസ് ഉപകരണങ്ങള്‍,ആയുധങ്ങള്‍, പ്രത്യേക വാഹനങ്ങള്‍ എന്നിവയോടെ പതിവായി മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെ വിന്യസിക്കുക. പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രദേശിക ജനപ്രതിനിധികളും നേതാക്കളും ഉള്‍പ്പെടുന്ന ജനജാഗ്രതാ സമിതിയും ശില്‍പശാലകളും ബോധവല്‍ക്കരണ പരിപാടികളും നടത്തുക. ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തില്‍ ഉറപ്പാക്കുക. പ്രതിരോധ നടിപടികളുടെ ഭാഗമായി കിടങ്ങുകള്‍, മുള്‍വേലികള്‍ എന്നിവ നിര്‍മ്മിക്കുക.
അന്തര്‍ സംസ്ഥാന ഏകോപനവും ആശയവിനിമയവും കാര്യക്ഷമമാക്കുക. ഇതിനായി തമിഴ്നാട്, കര്‍ണാടക, കേരള സര്‍ക്കാരുകള്‍ ഉള്‍പ്പെടുന്ന ശക്തമായ ഒരു അന്തര്‍സംസ്ഥാന ഏകോപന സംഘം രൂപീകരിക്കുക. വന്യജീവികളുടെ സഞ്ചാരം ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു ഡാറ്റാബേസ് തയാറാക്കി ഇത് പരസ്പരം കൈമാറുക തുടങ്ങിയ ആവശ്യങ്ങളും കെ.സി. വേണുഗോപാല്‍ ഉന്നിച്ചു.

കഴിഞ്ഞ വര്‍ഷം നൂറിലധികം പേര്‍ക്കും ഈവര്‍ഷം ഇതുവരെ പത്തോളം പേര്‍ക്കും ഈ വിധത്തില്‍ ജീവന്‍ നഷ്ടമായെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. വയനാട് ജില്ലയില്‍ മാത്രം നാലുപേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമത്തെ സംസ്ഥാന ദുരന്തമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ജില്ലാതല ജാഗ്രതാ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നിലവിലെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായിട്ടില്ലെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment