‘ജനദ്രോഹ സര്‍ക്കാരിനെതിരായ വിധിയെഴുത്താവണം ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന്‍റെ രാഷ്ട്രീയ പോരാട്ടത്തില്‍ ഇടതുമുന്നണി പ്രതിരോധത്തില്‍’; കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Sunday, May 8, 2022

തൃക്കാക്കരയില്‍ യുഡിഎഫിന്‍റെ രാഷ്ട്രീയ പോരാട്ടത്തില്‍ പ്രതിരോധത്തിലായ ഇടതുമുന്നണി വിവാദങ്ങള്‍ അഴിച്ചുവിട്ട് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താവണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ഉമാ തോമസിനെ വിജയിപ്പിക്കുന്നതിലൂടെ പി.ടി എന്ന നേതാവിനുള്ള ഉചിതമായ സ്മരണാഞ്ജലിയാകും അതെന്നും കെ.സി വേണുഗോപാല്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

കെ.സി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് യുഡിഎഫ് കൈവരിച്ച മേല്‍ക്കൈ സംസ്ഥാനത്താകെ പ്രവര്‍ത്തകരില്‍ ആവേശവും ജനങ്ങളില്‍ പുതു പ്രതീക്ഷയും ഉണ്ടാക്കിയിരിക്കയാണ്. ഉമാ തോമസിലൂടെ യുഡിഎഫ് നടത്തുന്ന രാഷ്ട്രീയ പോരാട്ടത്തില്‍ പ്രതിരോധത്തിലായ എല്‍ഡിഎഫ് വിവാദങ്ങള്‍ അഴിച്ചുവിട്ട് ശ്രദ്ധതിരിക്കാനാണ് ശ്രമിക്കുന്നത്.

പ്രിയപ്പെട്ട പി.ടി യുടെ വിയോഗം രാഷ്ട്രീയ ഭേദമന്യേ പൊതു സമൂഹത്തിന് ഇന്നും വേദനയാണ്. ഒരു നിയോഗമെന്നപോലെയാണ് പി.ടി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ ആദര്‍ശത്തിന്റെ നേരവകാശിയായി ഉമാ തോമസ് പാര്‍ട്ടി നിര്‍ദ്ദേശം ഏറ്റെടുത്ത് മത്സരരംഗത്തെത്തിയത്.

പി. ടി തുടങ്ങിവെച്ച ഒരുപാട് നന്മകള്‍, വികസന പദ്ധതികള്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. പി.ടി യുടെ നിലപാടിനൊപ്പം ജീവിച്ച ഉമയ്ക്ക് ആ ഉദ്യമം ഏറ്റെടുക്കാന്‍ കഴിയുമെന്ന് ഉത്തമ ബോധ്യം തൃക്കാക്കരയിലെ ജനങ്ങളിലുണ്ട്.

പി.ടി അദൃശ്യ സാന്നിധ്യമായ് തൃക്കാക്കരയില്‍ നിറഞ്ഞു നില്‍ക്കുകയാണ് എന്ന് തോന്നും. മഹാരാജാസിലെ സജീവ കെ.എസ്.യു പ്രവര്‍ത്തകയായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ നേതൃനിരയിലെത്തിയ ഉമ തോമസിന് പി.ടി തോമസ് നെഞ്ചേറ്റിയ നേരിന്റെ പാതയില്‍ തൃക്കാക്കരയെ നയിക്കുവാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. കുറഞ്ഞ ദിവസത്തിനുള്ളില്‍ ഉമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത അതാണ് വിളിച്ചോതുന്നത്. എണ്ണയിട്ട യന്ത്രം പോലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായ പ്രവര്‍ത്തകര്‍ ആവേശമുണര്‍ത്തുന്ന കാഴ്ചയാണ്.

അശാസ്ത്രീയവും ജനദ്രോഹവും നിറഞ്ഞ കെ -റെയില്‍ പദ്ധതിയും നീറുന്ന വിലക്കയറ്റവും ഉള്‍പ്പെടെ ജനദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാനും പരസ്പരം മത്സരിക്കുന്ന കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വിധിയെഴുത്താവണം തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ്. ഉമ തോമസ് എന്ന വ്യക്തിത്വത്തെ, ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ആശിര്‍വദിക്കല്‍ പി.ടിയെന്ന നേതാവിനുള്ള ഉചിതമായ സ്മരണാഞ്ജലിയാവും.