കരിപ്പൂർ വിമാനാപകടം: യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണം; വ്യോമയാന മന്ത്രാലയത്തോട് കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Saturday, August 8, 2020

 

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടം ഞെട്ടിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായവും അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് അടിയന്തര ധനസഹായവും പ്രഖ്യാപിക്കണമെന്നും കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.

അതേസമയം കരിപ്പൂരില്‍ മരണം 19 ആയി. പൈലറ്റും സഹപൈലറ്റും മരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. 123 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 12 പേരെ എത്തിച്ചു.

ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.