കോണ്‍ഗ്രസിന്‍റെ സ്നേഹത്തണലില്‍ മസൂദിന് വീടൊരുങ്ങി; കെ.സി വേണുഗോപാല്‍ എംപി താക്കോല്‍ കൈമാറി

കൊല്ലം: കോണ്‍ഗ്രസിന്‍റെ സ്നേഹത്തണലില്‍ മസൂദിന് വീടൊരുങ്ങി. കോണ്‍ഗ്രസ് നിലമേൽ മണ്ഡലം കമ്മിറ്റിയാണ് വീട് നിർമ്മിച്ചുനല്‍കിയത്. ഏഴ് ലക്ഷം രൂപ മുടക്കി നിർമ്മിച്ച സ്നേഹവീട് ‘പ്രിയദർശിനി’യുടെ താക്കോല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി നിലമേൽ സ്വദേശി മസൂദിന് കൈമാറി.

ആരവങ്ങളോടെയാണ് കെ.സി വേണുഗോപാല്‍ എംപിയെ പ്രവര്‍ത്തകര്‍ ചടങ്ങിലേക്ക് വരവേറ്റത്. രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ കേവലം മുദ്രാവാക്യം വിളികളും ആവേശവും മാത്രമല്ല, മറിച്ച് ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന, ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകുന്നവരെ ചേര്‍ത്തുപിടിച്ച് അവരെ മുന്നോട്ടുകൊണ്ടുപോവുക എന്നതുകൂടിയാണെന്ന് കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. ഇത്തരത്തില്‍ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായം ചെയ്യുന്നതിന് പരിശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുക്തകണ്ഠം പ്രശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നിലമേൽ പഞ്ചായത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങും കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഭാവിയില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ കേവലം പണം എന്നത് മാത്രം ലക്ഷ്യം വെക്കാതെ തങ്ങളുടെ കർമ്മമേഖലയില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കണം എന്ന ഉപദേശവും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.

 

https://www.facebook.com/JaihindNewsChannel/videos/586178979749720

Comments (0)
Add Comment