സിപി നായരുടെ നിര്യാണത്തില്‍ കെസി വേണുഗോപാൽ എംപി അനുശോചിച്ചു

Jaihind Webdesk
Friday, October 1, 2021

 

മുന്‍ ചീഫ് സെക്രട്ടറി സിപി നായരുടെ നിര്യാണത്തില്‍ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി അനുശോചിച്ചു. സിവിൽ സർവീസ് മേഖലയിലെ ജനകീയ മുഖവും സർഗാത്മക ഇടപെടലിലൂടെ വേറിട്ട വ്യക്തിത്വത്തിന് ഉടമയുമായിരുന്നു സി പി നായരെന്ന്  കെസി വേണുഗോപാൽ എംപി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിലെ സിവിൽ സർവ്വീസ് രംഗത്ത് സംശുദ്ധിയുടെ അടയാളമായിരുന്നു അദ്ദേഹം. ഒരേ സമയം ഭരണരംഗത്തും സാഹിത്യമേഖലയിലും പ്രതിഭ തെളിയിച്ച സിപി നായർ ഏറ്റെടുത്ത ചുമതലകളിലെല്ലാം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നു പോകുന്നത്. സംസ്ഥാനത്തെ ഒട്ടേറെ വികസന പദ്ധതികൾക്ക് നിർണ്ണായകമായ സംഭാവനകൾ നൽകിയ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും കേരളത്തിന്‍റെ പൊതു പുരോഗതിയിൽ പങ്കാളിയായി.

നർമ്മ സാഹിത്യത്തിലും കേൾവിക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രസംഗങ്ങളിലൂടെയും നിറസാന്നിധ്യമായിരുന്ന അദ്ദേഹം പൊതു സമൂഹത്തിൽ തിരുത്തൽ ശക്തിയായി വർത്തിച്ചു. ചീഫ് സെക്രട്ടറിയെന്ന നിലയിലെ മികവിനൊപ്പം ഭരണ പരിഷ്കാര കമ്മീഷന്‍ അംഗമെന്ന നിലയിലും ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചിരുന്നതായി കെസി വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടി.