‘സജി ചെറിയാനെ വെള്ളപൂശി വിശുദ്ധനാക്കിയത് ആഭ്യന്തരവകുപ്പ്’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, December 31, 2022

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെതിരായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി.

സിപിഎം ഭീഷണിക്ക് വഴങ്ങി പോലീസ് നട്ടെല്ല് പണയം വെച്ചതിനാലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നല്‍കി വാഴിക്കുന്ന കാഴ്ച കേരളത്തിന് കാണേണ്ടി വരുന്നത്. ഈ കേസ് അട്ടിമറിക്കാന്‍ ഭരണതലത്തിലും സിപിഎം നേതൃതലത്തിലും വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രത്യക്ഷത്തില്‍ തെളിവുകളുണ്ടായിട്ടും സജി ചെറിയാനെതിരെ തെളിവില്ലെന്ന പോലീസിന്റെ കണ്ടെത്തല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് തുല്യമാണ്. തെളിവുകള്‍ കോടതിയിലെത്താതെ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുകയാണ് സര്‍ക്കാരും പോലീസും. ഭരണഘടനയെ പരിഹസിച്ചും അപമാനിച്ചും സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം ഇന്നും പൊതുസമൂഹത്തിന് മുന്നില്‍ തെളിവായി അവശേഷിക്കുന്നു. അവ കണ്ടെത്തി, സാക്ഷിമൊഴികളുടെ പിന്‍ബലത്തില്‍ ഭരണഘടനാ വിരുദ്ധത പ്രസംഗിച്ച വ്യക്തിയെ നീതിന്യായ കോടതിയ്ക്ക് മുന്നില്‍ തുറന്നുകാട്ടുന്നതിന് പകരം ആഭ്യന്തരമന്ത്രിയുടെ തിട്ടൂരം പേറുന്ന അടിമകളായാണ് പോലീസ് പ്രവര്‍ത്തിച്ചത്.

സിപിഎം നേതാക്കള്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവൃത്തികളുടെയും കാവലാളായി പ്രവര്‍ത്തിക്കേണ്ട നാണംകെട്ട സേനയായി കേരള പോലീസ് അധപതിച്ചു. സജി ചെറിയാനെ ഏതുവിധേനെയും സംരക്ഷിച്ച് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള വഴികളാണ് പോലീസ് തേടിയത്.

ജനങ്ങളെ വിഡ്ഢികളാക്കി ആര്‍എസ്എസ് ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് സിപിഎം. ഭരണഘടനയെ അധിക്ഷേപിക്കുന്നതില്‍ സിപിഎമ്മിനും ആര്‍എസ്എസിനും ഒരേ മുഖമാണ്. അതിന് തെളിവാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത സിപിഎമ്മിന് ഭരണഘടനയെ പുച്ഛമാണ്. കേരളത്തില്‍ ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സിപിഎം പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഭരണഘടനാ വിരുദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥകളോട് ഒട്ടും താല്‍പര്യമില്ലാത്ത സിപിഎം എന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രത്സോഹിപ്പിച്ചിട്ടുണ്ട്.

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സിപിഎമ്മിന് ഒരു ധാര്‍മികതയുമില്ല. ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാനാണ് പരസ്യമായി അതിനെ അധിക്ഷേപിക്കുകയും അവിശ്വസിക്കുകയും ചെയ്തത്. അങ്ങനെയുള്ള വ്യക്തിയെ വീണ്ടും മന്ത്രിയാക്കുകവഴി രാജ്യത്തിന്റെ ഭരണഘടനയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്ന സംഘപരിവാര്‍ ആശയങ്ങള്‍ക്ക് സിപിഎം നല്‍കുന്ന അംഗീകാരം കൂടിയാണെന്നും കെ.സി വേണുഗോപാല്‍ പരിഹസിച്ചു.

ചെയ്ത തെറ്റ് മനസിലാക്കാനോ വിവാദ പരാമര്‍ശം പിന്‍വലിക്കാനോ സജി ചെറിയാന്‍ ഇന്നുവരെ തയാറായിട്ടില്ല. സംഘപരിവാര്‍ ഭാഷ്യം കടമെടുത്ത് ഭരണഘടനയെ കുന്തവും കൊടച്ചക്രവുമായി വിശേഷിപ്പിച്ച വ്യക്തിയെ വീണ്ടും മന്ത്രിയാക്കുന്ന സിപിഎം സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ്? ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം. ഭരണഘടനയുടെ അന്തഃസത്തയെ എല്ലാക്കാലത്തും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും എതിര്‍ക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനം നടത്തിയ വ്യക്തിയെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം തയ്യാറാകുന്നത് ഭയപ്പെടേണ്ട വസ്തുതയാണെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.