ഹൈദരലി ശിഹാബ് തങ്ങള്‍ രാഷ്ട്രീയ ജാതി മത ഭേദമന്യേ ഏവർക്കും തണലായി നിന്ന വ്യക്തിത്വം : കെസി വേണുഗോപാല്‍ എംപി

Jaihind Webdesk
Sunday, March 6, 2022

കേരളത്തിലെ മത-സാമൂഹിക നേതൃരംഗത്ത് സഹിഷ്ണുതയും, സൗഹാർദവും, മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ച മാതൃകാപരമായ നേതൃത്വമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി .  മുസ്ലിം ലീഗിന്‍റെ അധ്യക്ഷൻ എന്നതിലുപരി നിരവധി ആത്മീയ സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന ഹൈദരലി തങ്ങൾ, കൊടപ്പനക്കൽ തറവാട് ഇന്നോളം കാത്തു സൂക്ഷിച്ചു പോന്ന മതസൗഹാർദ്ദവും, മാനുഷിക നന്മയിലൂന്നിയ സാമൂഹിക സേവനവും ഊട്ടിയുറപ്പിക്കാൻ മുൻപന്തിയിലുണ്ടായ വ്യക്തിത്വമാണെന്നും അദ്ദേഹം ഓർമ്മിച്ചു.

സൗമ്യമായ സംഭാഷണങ്ങളിലൂടെ വലിയൊരു രാഷ്ട്രീയ-ആത്മീയ കൂട്ടായ്മക്ക് നേതൃത്വം പകർന്ന തങ്ങൾ തന്‍റെ ജേഷ്ഠ സഹോദരനായ ശിഹാബ് തങ്ങളെപ്പോലെതന്നെ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഏവർക്കും തണലായി നിന്ന വ്യക്തിത്വമായിരുന്നുവെന്നും വേണുഗോപാൽ അനുസ്‌മരിച്ചു. അധികാര രാഷ്ട്രീയത്തിനപ്പുറം, ഓരോ മനുഷ്യരെയും ചേർത്തുപിടിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ഹൈദരലി തങ്ങൾ ഉയർത്തിപ്പിടിച്ചത്. തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ആത്മീയ രംഗത്ത് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വേണുഗോപാൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.