അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും; മുസ്ലീം ലീഗിന് സിപിഎമ്മിന്റെ മതേതര സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കെസി വേണുഗോപാല്‍

Jaihind Webdesk
Sunday, November 5, 2023


മുസ്ലീം ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിപിഎം മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ലീഗിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് നല്ലകാര്യമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് കെട്ടുറപ്പ് ഭദ്രമാക്കുക എന്നത് എല്ലാ കാലത്തും ലീഗിന്റെ മുന്തിയ പരിഗണനയിലുള്ള കാര്യമാണ്. സിപിഎമ്മിന് ലീഗിനെ ചാരാതെ മുന്നോട്ട് പോകാനാവില്ല എന്ന സ്ഥിതിയാണുള്ളതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. മധ്യപ്രദേശിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് അനുകൂല കാറ്റുണ്ട്. തെലുങ്കാനയിലും വലിയ മുന്നേറ്റമുണ്ട്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തി. ഇന്ത്യ മുന്നണിയുടെ ലക്ഷ്യം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വിശാലമായ കാഴ്ചപ്പാടുകളോടെ വിട്ടു വീഴ്ച മനോഭാവത്തില്‍ മുന്നോട്ട് പോകും. 26 പാര്‍ട്ടികളുള്ള മുന്നണിയിലെ പിണക്കങ്ങള്‍ സ്വാഭാവികമാണ്. പ്രശ്‌നങ്ങള്‍ ഉന്നയിച്ചവരോട് കോണ്‍ഗ്രസ് നേതൃത്വം സംസാരിക്കുന്നുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.