കൊവിഡ് ദുരിതത്തിൽ അകപ്പെട്ട പ്രവാസികളെ വീണ്ടും ദുരിതത്തിൽ തള്ളിയിടുന്നു; വിമാനം റദ്ദാക്കിയതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി വേണുഗോപാല്‍

Jaihind News Bureau
Monday, May 11, 2020

ദോഹ- തിരുവനന്തപുരം യാത്രാവിമാനം റദ്ദാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രക്ഷാദൗത്യമെന്നു വിളിപ്പേരിട്ടു മൂന്നിരട്ടിയോളം തുക വിമാന നിരക്കിൽ ഈടാക്കിയിട്ടും കൊവിഡ് ദുരിതത്തിൽ അകപ്പെട്ട പ്രവാസികളെ വീണ്ടും ദുരിതത്തിൽ തള്ളിയിടുകയാണ് കേന്ദ്ര സർക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രക്ഷാ ദൗത്യമെന്നു വിളിപ്പേരിട്ടു മൂന്നിരട്ടിയോളം തുക വിമാന നിരക്കിൽ ഈടാക്കിയിട്ടും കോവിഡ് ദുരിതത്തിൽ അകപ്പെട്ട പ്രവാസികളെ വീണ്ടും ദുരിതത്തിൽ തള്ളിയിടുകയാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം ഖത്തറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന പ്രത്യേക എയർ ഇന്ത്യ വിമാനം അവസാന നിമിഷം റദ്ദാക്കിയതിനെ തുടർന്ന് നൂറുകണക്കിന് പ്രവാസികളാണ് ദുരിതത്തിലകപ്പെട്ടത്. വിമാനത്താവളത്തിൽ കാത്തിരുന്ന രോഗികളും, ഗർഭിണികളും ഉൾപ്പെടെയുള്ളവർക്ക് വിമാനം റദ്ദാക്കിയതിനെ സംബന്ധിച്ചുള്ള വിവരം ലഭിക്കുന്നത് ആരോഗ്യ പരിശോധനകൾ എല്ലാം കഴിഞ്ഞു മണിക്കൂറുകളോളം കാത്തിരുന്നതിനു ശേഷമാണ്. എയർ ഇന്ത്യക്ക് ദോഹയിലെ ലാൻഡിങ്ങിനായുള്ള അനുമതി തേടാൻ കേന്ദ്രസർക്കാർ വൈകിയതാണ് വിമാനം റദ്ദാക്കാനുള്ള കാരണമായി പറയുന്നത്. അതോടൊപ്പം തന്നെ എയർ ഇന്ത്യ പണം ഈടാക്കിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നതു എന്നതും അനുമതി വൈകാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ കൊട്ടിഘോഷിക്കപ്പെട്ട വന്ദേ ഭാരത് രക്ഷാദൗത്യത്തിന്റെ യഥാർത്ഥ ചിത്രം അന്താരാഷ്ട്ര തലത്തിൽ തന്നെ വെളിപ്പെട്ടുവെന്നു വേണം കരുതാൻ.
പ്രവാസികൾ സ്വന്തം പണം മുടക്കി സ്വന്തം നാടുകളിലേക്ക് യാത്ര തിരിക്കുന്നതിന് രക്ഷാദൗത്യമെന്നു വിളിക്കുന്നത് ഏതർത്ഥത്തിലാണെന്നു മനസിലാവുന്നില്ല. വന്ദേ ഭാരത് മിഷൻ എന്ന് പേരിട്ടു ഉയർന്ന നിരക്കിൽ പണവും ഈടാക്കി സത്യത്തിൽ വാണിജ്യ വിമാന സർവീസ് ആണ് എയർ ഇന്ത്യ നടത്തുന്നത്. ഗവണ്മെന്റ് നിശ്ചയിക്കുന്ന സമയക്രമം അനുസരിച്ചു സർവീസ് നടത്തുന്നൂ എന്നുള്ള വിത്യാസം മാത്രമേ ഉള്ളൂ. രക്ഷാദൗത്യത്തിനു പകരം പരിമിതമായ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിച്ചു എന്ന് പറയുന്നതാണ് ഏറ്റവും ഉചിതം. രക്ഷാദൗത്യമാണെങ്കിൽ ദുരിതത്തിൽ അകപ്പെട്ടിരിക്കുന്നവരെ പണമീടാക്കാതെ നാട്ടിലെത്തിക്കുകയാണ് വേണ്ടത്. അതേസമയം തന്നെ കേന്ദ്രസർക്കാർ അനുമതി നൽകുകയാണെങ്കിൽ കേരളത്തിലേക്കുൾപ്പെടെ പണം ഈടാക്കി പരിമിതമായ വിമാന സർവീസ് നടത്താൻ തയ്യാറാണെന്ന് ഖത്തർ എയർവെയ്‌സ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. മറ്റു വിമാന കമ്പനികളും സമാനമായ തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. പണം ഈടാക്കിയുള്ള എയർ ഇന്ത്യ ചെയ്യുന്ന സേവനം മറ്റുള്ള വിമാനക്കമ്പനികളും ചെയ്യാൻ തയ്യാറാവുന്നൂ എന്നെ ഉള്ളൂ.
സ്വന്തം പൗരന്മാരോട് കാണിക്കുന്ന ഈ വഞ്ചനാപരമായ നിലപാട് അന്താരാഷ്ട്ര തലത്തിൽ നമ്മുടെ വില ഇടിച്ചുകാണിക്കാനേ ഉപകരിക്കുകയുള്ളൂവെന്നു കേന്ദ്രസർക്കാർ ഇനിയെങ്കിലും മനസിലാക്കിയാൽ നന്ന്.