കെ സി വേണുഗോപാല്‍ രാജ്യസഭയിലേയ്ക്ക്

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജ്യസഭയിലേയ്ക്ക്. രാജസ്ഥാനിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടോടെയാണ് അദ്ദേഹം രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

രാജ്യ സഭയിലേക്ക് ഒഴിവു വന്ന 19 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിലും ആന്ധ്ര പ്രദേശിലും 4 സീറ്റുകളിലും, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ 3 സീറ്റും, ജാർഖണ്ഡില്‍ 2ഉം, മേഘാലയ, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളില്‍ ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

കർണാടകയിലെ നാല് ഉൾപ്പടെ 42 സീറ്റുകളിലെ സ്ഥാനാർഥികൾ എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടിരുന്നു. രാജസ്ഥാനിൽ നിന്ന് സംഘടന കാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നീരജ് ദാങ്കിയുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ.

200 അംഗ നിയമസഭയിൽ ഒരാൾക്കു ജയിക്കാൻ വേണ്ടിയിരുന്നത് 51 ആദ്യ വോട്ടുകളാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായ കെ.സി. വേണുഗോപാലും നീരജ് ഡാങ്കിയും യഥാക്രമം 64 ഉം 59 ഉം വോട്ട് നേടി. ബിജെപിയുടെ രാജേന്ദ്ര ഗെലോട്ട് – 54ഉം, ഓങ്കാർ സിങ് ലഖാവത് –20ഉം വോട്ടുകളാണ് കരസ്ഥമാക്കിയത്. ഒരു ബിജെപി എംഎൽഎയുടെ വോട്ട് അസാധുവായി. ആശുപത്രിയിലായിരുന്ന മന്ത്രി ബൻവർലാൽ മേഘ്‌വാളും ഒരു സിപിഎം എംഎൽഎയും വോട്ടു ചെയ്തിരുന്നില്ല.

ഇരുവരുടെയും വിജയം കോണ്‍ഗ്രസിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

Comments (0)
Add Comment