സ്വർണ്ണ കള്ളക്കടത്ത്: സി ബി ഐ അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാൽ

Jaihind News Bureau
Tuesday, July 7, 2020

സ്വർണക്കടത്തു കേസിൽ പുറത്തുവന്നിരിക്കുന്ന വസ്തുതകൾ ഞെട്ടിക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. കേവലം ഒരു കള്ളക്കടത്തു കേസ് എന്നതിനപ്പുറം ഈ കേസിനു ഒട്ടേറെ മാനങ്ങളുണ്ട്. രാജ്യാന്തര ബന്ധങ്ങളുള്ള ഈ കേസ് കസ്റ്റംസോ റവന്യൂ ഇന്‍റലിജൻസോ അല്ല സി ബി ഐ പോലുള്ള ഏജൻസിയാണ് അനേഷിക്കേണ്ടത്.

ഒരു രാജ്യത്തിന്‍റെ കോൺസുലേറ്റിനെ മറയാക്കി നയതന്ത്ര പരിരക്ഷയുടെ മറവിൽ സ്വർണക്കള്ളക്കടത്തു നടന്നുവെന്നും അതിനു സംസ്ഥാനത്തെ ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണ ലഭിച്ചോ എന്നതുമെല്ലാം സുതാര്യമായ ഒരു അന്വേഷണത്തിലൂടെ തെളിയിക്കണം. മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കാതെ സിപിഎം കഴിഞ്ഞ കുറേ നാളുകളായി സ്വീകരിക്കുന്ന നിലപാടുകൾ അവരെ തിരിഞ്ഞു കൊത്തി തുടങ്ങി. ഈ കേസിന്‍റെ നിജസ്ഥിതി അറിയാൻ സംസ്ഥാനത്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുതാര്യമായ അന്വേഷണത്തിലൂടെ അത് തെളിയിക്കാൻ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും വേണുഗോപാൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.