രാഷ്ട്രപിതാവിനെയും സ്വതന്ത്ര സമര സേനാനികളെയും അപമാനിച്ച ആനന്ദ് കുമാർ ഹെഗ്ഡെയുടെ പ്രസ്താവനക്കെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബ്രിട്ടീഷുകാരുടെ ഏജന്‍റുമാരായിരുന്ന ബിജെപിയും ആർ എസ് എസും രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കുന്നതില്‍ അതിശയം ഇല്ല. ഹെഗ്‌ഡെയെ ബിജെപിയിൽ നിന്നും പുറത്താക്കണമെന്നും, സംഭവത്തിൽ പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും മാപ്പ് പറയണമെന്നും കെ സി വേണുഗോപാൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗാന്ധിജിയെ മഹാത്മ എന്ന് വിശേഷിപ്പിക്കേണ്ടതില്ല, ബ്രിട്ടിഷുകാർ രാജ്യം വിട്ടത് നിരാശമൂലം, സ്വാതന്ത്ര്യ സമരം നാടകം എന്നിങ്ങനെയായിരുന്നു ബാംഗ്ലൂരിൽ നടന്ന പൊതുപരിപാടിയിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആനന്ദ് ഹെഗ്ഡെയുടെ പ്രസ്താവന. ഇതിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്ത് വന്നു. പരാമർശം ഗാന്ധിജിയോടും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രത്തോടുമുള്ള ബിജെപിയുടെയും ആർഎസ്‌എസിന്‍റെയും വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും പ്രതിഫലനമാണ്.
മഹാത്മാവിന്‍റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ പതിനായിരക്കണക്കിന് സാധാരണ ഇന്ത്യക്കാർ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പോൾ, ബ്രിട്ടീഷുകാരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി മത്സരിക്കുക ആയിരുന്നു ബിജെപിയുടെയും ആർഎസ്‌എസിന്‍റെയും പ്രത്യയശാസ്ത്ര പൂർവ്വികർ എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാവിനോടുള്ള ഇവരുടെ വിദ്വേഷമാണ് ഗാന്ധിജിയെ കൊല്ലാൻ ഇവരുടെ അനുയായികളെ പ്രേരിപ്പിച്ചത്. പ്രഗ്യ സിംഗ് താക്കൂർ മഹാത്മാവിന്‍റെ ഘാതകനെ ദേശസ്നേഹിയെന്ന് വിളിക്കുന്നു. ഹെഗ്‌ഡെ സ്വാതന്ത്ര്യ സമരത്തെ ഒരു നാടകം എന്ന് വിശേഷിപ്പിക്കുന്നു. രാഷ്ട്ര പിതാവിനോടും സ്വാതന്ത്ര്യ സമരത്തോടുമുളള ഇവരുടെ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും തുടർച്ചയാണ് ഇത്. രാഷ്ട്രപിതാവിനോടും രാജ്യത്തോടും ബിജെപിക്ക് ഉള്ള സ്നേഹം സത്യമെങ്കിൽ പ്രഗ്യ സിങ് താക്കൂർ ആനന്ദ് കുമാർ ഹെഗ്‌ഡെ എന്നിവരെ ബിജെപിയിൽ നിന്നും പുറത്താക്കണമെന്നും, സംഭവത്തിൽ പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും മാപ്പ് പറയണമെന്നും കെ സി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. അല്ലാത്ത പക്ഷം രാഷ്ട്രപതി ഇവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.