ആയുർവേദ ശാഖയെ ലോകത്തിന്‍റെ നെറുകയിലേക്ക് പടർത്തിയ വൈദ്യകുലപതി ; പി.കെ വാര്യരെ അനുസ്മരിച്ച് കെ.സി വേണുഗോപാൽ എം.പി

Jaihind Webdesk
Saturday, July 10, 2021

‘ആയുർവേദ ശാഖയെ ലോകത്തിന്‍റെ നെറുകയിലേക്ക് പടർത്തിയ വൈദ്യകുലപതി പത്മഭൂഷൺ ഡോ. പി.കെ.വാരിയരുടെ നിര്യാണത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.അനുശോചിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിന് തീരാ നഷ്ടമാണ്. ആയുർവേദം ഒരു ചികിത്സാരീതി മാത്രമല്ല, ജീവിതചര്യയാണെന്ന് പഠിപ്പിച്ചുതന്ന പുണ്യ ജന്മമായിരുന്നു പി.കെ.വാരിയർ.

കോട്ടക്കൽ ആര്യവൈദ്യശാലയെന്ന മഹത്തായ സ്ഥാപനം കേവലം ചികിത്സാ കേന്ദ്രം മാത്രമല്ല, മറിച്ച് അനുകമ്പയുടെ, സഹാനുഭൂതിയുടെ വിളനിലമായിരുന്നു. കോട്ടക്കലിൽ ഒരിക്കലെങ്കിലും ചികിത്സ തേടിയവർ ആ പാരമ്പര്യ ഗുണം അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും.

അര ദശാബ്ദക്കാലത്തിലേറെ നീണ്ട ഡോ.പി.കെ വാരിയരുടെ സംഭാവന മാനിച്ച്, കണ്ണൂർ ജില്ലയിലെ ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത് അഭിമാന മുഹൂർത്തമായിരുന്നു. ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന പേരിലൂടെ, കോട്ടക്കൽ ആര്യ വൈദ്യശാലയെന്ന ലോകോത്തര സ്ഥാപനത്തിലൂടെ, സൗഖ്യം നേടിയ ലക്ഷക്കണക്കിന് ആളുകളിലൂടെ മരണമില്ലാതെ ഡോ.പി.കെ.വാരിയർ എന്നും ജീവിക്കുമെന്നും വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.