യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചില്‍ പ്രവർത്തകരെ പോലീസ് നേരിട്ടത് സിപിഎം ഗുണ്ടകളെപ്പോലെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സമരത്തില്‍ പങ്കെടുത്ത ഒരു വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം പുരുഷ എസ്ഐ വലിച്ചുകീറി. ഒരു സ്ത്രീയെ കൈകാര്യം ചെയ്യാന്‍ പുരുഷ പോലീസുകാര്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് അദ്ദേഹം ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തലയ്ക്കടിച്ചു. പരിക്കേറ്റ വനിതാ പ്രവര്‍ത്തകരെ തടഞ്ഞുവെച്ചു. ഗവര്‍ണര്‍ക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാരെ സ്വന്തം മക്കളെപ്പോലെ താലോലിച്ച് കൊണ്ടുപോയ അതേ പോലീസുകാരാണ് സെക്രട്ടറിയേറ്റിന് മുന്‍പിലും തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്‍പിലും ‘ഷോ’ കാണിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വനിതാ പ്രവര്‍ത്തകരുടെ നേര്‍ക്ക് പോലീസ് അക്രമം അഴിച്ചുവിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാന നഗരിയില്‍ തീര്‍ത്ത പ്രതിരോധം വെറും സാമ്പിള്‍ മാത്രമാണെന്നത് പോലീസുകാര്‍ വിസ്മരിക്കരുത്. പ്രവര്‍ത്തകരെ തല്ലിച്ചതച്ച് സമരത്തെ അടിച്ചമര്‍ത്താമെന്നത് മൗഢ്യമാണ്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും അക്രമം അഴിച്ചുവിടാനാണ് പോലീസ് കരുതുന്നതെങ്കില്‍ തിരിച്ചും അതേ മാര്‍ഗത്തില്‍ കോണ്‍ഗ്രസും പ്രതികരിക്കും. കോണ്‍ഗ്രസ് എല്ലാക്കാലവും സമാധാനത്തിന്റെ പാതയില്‍ പോകുന്നവരാണ് കരുതുന്നുവെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.