ചൈനീസ് കടന്നുകയറ്റം: കേന്ദ്ര സർക്കാർ നടത്തുന്നത് നുണപ്രചാരണമെന്ന് കെ സി വേണുഗോപാൽ; ധീരജവാന്മാര്‍ക്ക് നാളെ കോണ്‍ഗ്രസിന്‍റെ ആദരം

Jaihind News Bureau
Thursday, June 25, 2020

 

ലഡാക്കിലെ ഗാൽവാൻ താഴ്‌വാരയിൽ ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയത് നിർവികാരതയോടെ നോക്കി നിന്ന കേന്ദ്ര സർക്കാർ ഇപ്പോൾ നട്ടാൽ മുളക്കാത്ത നുണകളുമായി മുഖം മറക്കാൻ പാടുപെടുകയാണെന്ന് എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രസ്താനയിൽ പറഞ്ഞു. ചൈനീസ് കടന്നുകയറ്റത്തെ തുടർന്ന് കേണൽ സന്തോഷ് ബാബുവടക്കം നമ്മുടെ ഇരുപതോളം ധീര ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ദിവസങ്ങളായി തുടർന്ന് കൊണ്ടിരുന്ന ചൈനീസ് പ്രകോപനം തടയാനോ, അതിർത്തിയിലെ യഥാർത്ഥ അവസ്ഥയെക്കുറിച്ചു കൃത്യമായ വിശദീകരണം നൽകാനോ തയ്യാറാനാവാതെ, ബിജെപി അദ്ധ്യക്ഷനും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസിനെതിരെ നുണപ്രചാരണവും, അവർക്ക് തന്നെ ബോധ്യമുള്ള കള്ളപ്രചരണവും നടത്തി തടിയൂരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർട്ടി എതിർശബ്ദങ്ങളെ അടിച്ചൊതുക്കുന്നുവെന്നാണ് അമിത് ഷായുടെ ആരോപണം. മുതിർന്ന നേതാക്കളായ അദ്വാനിയെയും, മുരളി മനോഹർ ജോഷിയെയും, മരണപ്പെട്ടു പോയ സുഷമാ സ്വരാജിനെയും, മുൻ ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജനെയും തുടങ്ങി എണ്ണമറ്റ നേതാക്കളെ തീർത്തും അവഗണിച്ചും ഒറ്റപ്പെടുത്തിയും, മോദിക്കും അമിത് ഷാക്കുമെതിരെ വിമർശനത്തിന്റെ ചെറിയ ശബ്ദമുയർത്തുന്നവരെ പോലും നിശബ്ദമാക്കിയും രാഷ്ട്രീയ അസഹിഷ്ണുതയുടെ ഏറ്റവും വലിയ അപ്പോസ്തലന്മാരായി മാറിയവരാണ് ഈ ആരോപണമുന്നയിക്കുന്നതെന്നാണ് രസകരം.

യുപിഎ ഭരണകാലത്ത് ഇന്ത്യൻ ഭൂമി ചൈനക്ക് അടിയറവു വെച്ചുവെന്നും, ഒട്ടേറെ തവണ ചൈന ഇന്ത്യയിലേക്ക് കടന്നു കയറിയെന്നും അവർക്ക് തന്നെ ബോധ്യമുള്ള കള്ളപ്രചാരണമാണ് ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തികഞ്ഞ കെട്ടുകഥയും, അവാസ്തവങ്ങളുമായ ഈ കഥകൾ പ്രചരിപ്പിക്കുന്നത് അതിർത്തിയിൽ ചൈനയുടെ കടന്നു കയറ്റം കയ്യും കെട്ടി നോക്കി നിന്നതു രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും നിരന്തരം വെളിച്ചത്തു കൊണ്ട് വരുന്നത് കൊണ്ടുമാത്രമാണെന്ന് വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് പാർട്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ധാരണാപത്രം ഒപ്പു വെച്ചുവെന്നുവെന്നുള്ള പ്രചാരണവും ഇതിന്റെ തുടർച്ചയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണപ്രകാരം കോൺഗ്രസ്സും ബിജെപിയും അവരുടെ പ്രതിനിധികളെ ചൈനയിലേക്ക് അയക്കാറുണ്ട്. ചൈനയിലേക്ക് നാലുവട്ടം ക്ഷണം സ്വീകരിച്ചു പോയ ഒരേ ഒരു മുഖ്യമന്ത്രി, ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി മാത്രമാണ്. പതിനെട്ടോ പത്തൊമ്പതോ തവണ ചൈനീസ് പ്രെസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മോദിയുടെ ക്ഷണം സ്വീകരിച്ചു ഇന്ത്യയിലേക്കും ചൈനീസ് പ്രസിഡന്റ് സന്ദർശനം നടത്തി. ഇത്തരം കള്ളപ്രചാരണങ്ങളിലൂടെ അതിർത്തിയിലെ തങ്ങളുടെ വീഴ്ച മൂടിവെക്കാനാണ് ബിജെപി വൃഥാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിൻറെ അഖണ്ഡതയും, അതിർത്തിയും സംരക്ഷിക്കുന്നതിൽ ഇന്ത്യയുടെ ധീരപോരാളികൾക്കു നിബന്ധനകളില്ലാത്ത പിന്തുണയാണ് എക്കാലവും കോൺഗ്രസ് പാർട്ടി സ്വീകരിച്ചു പോന്നിട്ടുള്ളത്. അതിനിയും തുടരുകയും ചെയ്യുമെന്നു വേണുഗോപാൽ പ്രസ്താവനയില്‍ പറഞ്ഞു.

ജീവൻ തൃണവൽക്കരിച്ചു രാജ്യത്തിൻറെ സുരക്ഷക്ക് വേണ്ടി പോരാടുന്ന ധീര ജവാൻമാർക്കു സമ്പൂർണ പിൻതുണ പ്രഖ്യാപിച്ചും, അതിർത്തിയിൽ ഗാൽവാൻ താഴ്‌വരയിൽ ചൈന കടന്ന് കയറിയിട്ടും കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും, വീര മൃത്യു വരിച്ച ധീര ജവാന്മാരെ സ്മരിച്ചും നാളെ കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി “ഷഹീദോം കോ സലാം ദിവസ് ” എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയാണ്. രാവിലെ 11 മണി മുതൽ 12 മണി വരെ സൈനിക സ്മാരകങ്ങളിലും, മഹാത്മാ ഗാന്ധി പ്രതിമകൾക്കും, ധീര ദേശാഭിമാനികളുടെ സ്‌മൃതി മണ്ഡപത്തിനു മുന്നിലായും മൗനമായി കോൺഗ്രസ് പ്രവർത്തകർ രാജ്യവ്യാപകമായി ധീരജവാന്മാർക്ക് പ്രണാമം അർപ്പിക്കുമെന്നും വേണുഗോപാൽ അറിയിച്ചു