മോഡി സർക്കാർ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഡൽഹി കലാപത്തിന്റെ നേർക്കാഴ്ചകൾ ലോകത്തിനു മുൻപിൽ തുറന്നു കാട്ടിയതിന് പ്രതികാര നടപടിയെന്നോണം രണ്ടു മലയാള വാർത്താ ചാനലുകളെ വിലക്കിയ നടപടി കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളുടെ തുടർച്ചയാണ്. വിലക്കപ്പെട്ട ചാനലുകളുടെ ഓഫീസുകൾക്കു മുൻപിൽ സംഘപരിവാർ സംഘടനകൾ പടക്കം പൊട്ടിച്ചു ആഘോഷം നടത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഡൽഹി കലാപം ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും മൗനാനുവാദത്തോടെ നടന്ന ഗൂഢാലോചനയുടെ ഫലമാണെന്നതിനു തെളിവാണ് ഇപ്പോൾ നടന്നുവരുന്ന പ്രതികാര നടപടികൾ. മാധ്യമ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. സർക്കാരിന് ഹിതകരമായ വാർത്തകൾ മാത്രം കൊടുത്താൽ മതിയെന്ന ഏകാധിപത്യപരവുമായ നിലപാട് ജനാധിപത്യ വ്യവസ്ഥക്കുനേരെയുള്ള വെല്ലുവിളിയാണ്. ഡൽഹി കലാപം പാർലമെൻറിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിന്റെ പേരിൽ ഏഴ് എംപി മാരെ സസ്പെൻഡ് ചെയ്ത ഒരുദിവസത്തിനുള്ളിലാണ് മാധ്യമങ്ങൾക്കു നേരെ നടപടിയെടുത്തിരിക്കുന്നത്. കലാപത്തിന് പിന്നിൽ കേന്ദ്രത്തിന് എന്തോ മറക്കാനുണ്ടെന്നതിനു തെളിവാണ് ഈ നടപടികളെന്നും മാധ്യമ സ്വാതന്ത്ര്യം ചവിട്ടിയരക്കുന്ന നടപടികൾ അനുവദിക്കാനാവില്ലെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.