സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് കെസി വേണുഗോപാല്‍

Jaihind Webdesk
Thursday, December 9, 2021

 

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മരുമകളായ് വന്ന് മകളായ് മാറി ഇന്ത്യയുടെ ഹൃദയം കവര്‍ന്ന, ഊര്‍ജ്ജ പ്രസരണിയായ സാരഥിക്ക്, പ്രിയനേതാവിന് 75-ാം പിറന്നാള്‍ ദിനത്തില്‍, ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പാർട്ടിയിലെ മുതിർന്ന നേതാക്കളെയും അതെ സമയം പുതുതലമുറയിലെ വാഗ്ദാനങ്ങളെയും ഒരേ പോലെ പ്രോത്സാഹിപ്പിക്കുന്ന, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഓരോ സൂക്ഷ്മ ചലനങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന, മുന്നണിയിലെ ഓരോ ചെറു പാർട്ടികളെപോലും ഗൗരവത്തോടെ പരിഗണിക്കുന്ന സോണിയ ഗാന്ധി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ -മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ഏറ്റവും കൂടുതൽ നയിച്ച പ്രസിഡനന്‍റ് കൂടിയാണ്.

എക്കാലത്തും ബഹുമാനപൂർവ്വം അകലെ നിന്നുമാത്രം ആദരവോടെ വീക്ഷിച്ച കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോടൊപ്പം അടുത്തിടപെട്ട് പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം പൊതു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നതെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

എക്കാലത്തും ബഹുമാനപൂർവ്വം അകലെ നിന്നുമാത്രം ആദരവോടെ വീക്ഷിച്ച കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോടൊപ്പം അടുത്തിടപെട്ട് പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം പൊതു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്.

ഞങ്ങളുടെ പ്രിയങ്കരനായ രാജീവ്ജിയുടെ പത്‌നി എന്ന രീതിയില്‍ മാത്രം സോണിയാജിയെ അറിഞ്ഞ കാലത്തൊന്നും ഇത്രമേല്‍ ഇച്ഛാശക്തിയും ആജ്ഞാശക്തിയുമുള്ള ഒരു നേതൃഭാവം അവരില്‍ ഉണ്ടെന്ന് കരുതിയിരുന്നില്ല. രാജീവ്ജിയുടെ ദാരുണ വധത്തിനു ശേഷം ദീര്‍ഘകാലം വീട്ടകത്തില്‍ ഒതുങ്ങിയ അവര്‍, ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമായ് മാറുമെന്ന് അക്കാലത്ത് ആരും വിശ്വസിച്ചിരുന്നുമില്ല. രാജീവ് ഗാന്ധിയുടെ വിയോഗ ശേഷം കോൺഗ്രസ് പ്രസ്ഥാനം പ്രതിസന്ധിയിലൂടെ കടന്നുപോയ കാലഘട്ടത്തില്‍ സഹപ്രവര്‍ത്തകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് സോണിയാ ഗാന്ധി എ ഐ സി സി പ്രസിഡന്റ് പദവി ഏറ്റെടുത്തത്. പാര്‍ട്ടിയുടെ വിവിധ സംസ്ഥാന ഘടകങ്ങളെയും പോഷകസംഘടനകളേയും ഒപ്പമുള്ള ബഹുജന-സാമൂഹ്യ സംഘടനകളേയും നേതാക്കളേയും പ്രവർത്തകരേയും ഒരു കുടക്കീഴില്‍ ഏകോപിപ്പിക്കാനും 2004ല്‍ ബിജെപിയെ അധികാരത്തിൽ നിന്നും തൂത്തെറിഞ്ഞുകൊണ്ട് കേന്ദ്രഭരണത്തിൽ തിരികെ വരാനും സോണിയാജിയുടെ നേതൃത്വത്തിന് സാധിച്ചു. ഹര്‍കിഷൻ സിങ് സുര്‍ജിത്ത് ഉള്‍പ്പെടെ വിവിധ കക്ഷി നേതാക്കളും പാർട്ടി പ്രവർത്തകരും നിര്‍ബന്ധിച്ചിട്ടു പോലും പ്രധാനമന്ത്രി പദവി സ്വീകരിക്കാതെ, യുപിഎ സര്‍ക്കാറിന് മാര്‍ഗനിര്‍ദ്ദേശകയായി മാറി നിന്ന സോണിയാജിയെ കൗതുകത്തോടെയും ആരാധനയോടെയുമാണ് അന്നെല്ലാം കണ്ടത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രവർത്തിക്കാൻ അവസരം ലഭിച്ച കാലയളവിലാണ് സോണിയാ ഗാന്ധിയുമായി പരിചയപ്പെടാനും ആശയവിനിമയം നടത്താനും അവസരമുണ്ടായത്. പിന്നീട് 2009ൽ ആദ്യമായി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് യു പി എ അധ്യക്ഷ കൂടിയായ സോണിയാജിയുമായി പാർലമെൻററി -പാര്‍ട്ടി ഫോറങ്ങളിലും അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചത്. പാർലമെന്റിലെ ഓരോ കോൺഗ്രസ് അംഗങ്ങളേയും സസൂക്ഷം നിരീക്ഷിക്കുകയും പാർട്ടി അധികാരത്തിലുണ്ടായിരുന്ന അക്കാലത്തു കേന്ദ്രസർക്കാരിൻറെ പ്രവർത്തങ്ങൾക്ക് മാർഗനിർദേശം നൽകിയും നിയമനിർമാണ പ്രവർത്തനങ്ങളിലും ഫ്ലോർ മാനേജ്മെന്റിലും ഇടപെട്ടും അവർ ഞങ്ങൾക്ക് വഴികാട്ടിയും മാതൃകയുമായി വർത്തിച്ചു. കേട്ടറിഞ്ഞതിനേക്കാള്‍ ആഴവും വ്യാപ്തിയുമുള്ള ഒരു വ്യക്തിത്വത്തെ അടുത്തറിയുകയായിരുന്നു ഞാൻ. പിന്നീട് എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ശേഷം നിരന്തരം ഇടപഴകി പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടായി. ഹൃദയവിശാലതയുള്ള അതേസമയം കാര്‍ക്കശ്യക്കാരിയായ ഒരു രാഷ്ട്രീയ നേതാവിനെയാണ് അടുത്തറിഞ്ഞത്. പാർട്ടിയിലെ മുതിർന്ന നേതാക്കളെയും അതെ സമയം പുതുതലമുറയിലെ വാഗ്ദാനങ്ങളെയും ഒരേ പോലെ പ്രോത്സാഹിപ്പിക്കുന്ന, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഓരോ സൂക്ഷ്മ ചലനങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന, മുന്നണിയിലെ ഓരോ ചെറു പാർട്ടികളെപോലും ഗൗരവത്തോടെ പരിഗണിക്കുന്ന സോണിയ ഗാന്ധി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ -മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ഏറ്റവും കൂടുതൽ നയിച്ച പ്രസിഡന്റ് കൂടിയാണ്.

ഇന്ത്യന്‍ ബഹുസ്വരത ഇത്രത്തോളം ഉള്‍ക്കൊണ്ട ഒരു നേതാവ് അപൂര്‍വമാണ്; ഓരോ സംസ്ഥാനത്തേയും പലതലമുറ നേതാക്കളെയും പ്രധാന പ്രശ്നങ്ങളും ചരിത്രവും-സംസ്കാരവും സാമൂഹ്യ പശ്ചാത്തലവുമൊക്കെ മനഃപാഠമാണ്. പാർട്ടിയുടെ ഓരോ സംസ്ഥാന ഘടകത്തിലെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ന്യായമായവയെല്ലാം പരിഹരിക്കാനും അവർ അതീവ ശ്രദ്ധകാട്ടാറുണ്ട്;പരിണത പ്രജ്ഞരായവര്‍ക്കൊപ്പം പുതിയ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കാൻ സോണിയാജി കാണിക്കുന്ന താത്പര്യം അനിതര സാധാരണമാണ്. സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ എത്ര സൂക്ഷ്മമായാണ് അവര്‍ നിരീക്ഷിക്കുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്; താരതമ്യം ചെയ്യാനില്ലാത്ത വിധം ഓർമ്മ ശക്തിയും ജാഗ്രതയും അവസരത്തിനൊത്തുയരാനുള്ള ധാര്‍മ്മിക ബോധവും അവരുടെ സവിശേഷതയാണ്.

പ്രാണനു തുല്യം സ്‌നേഹിച്ച ഭര്‍ത്താവ് ഛിന്നഭിന്നമായി ചിതറിത്തെറിച്ചപ്പോഴും, ഭര്‍തൃമാതാവ് തന്റെ മടിയില്‍ കിടന്ന് പിടഞ്ഞുമരിച്ചപ്പോഴും തളരാതെ, തകരാതെ പിടിച്ചുനിന്ന ആ ഇച്ഛാശക്തി, എല്ലാ പ്രതിസന്ധി ഘട്ടത്തിലും അവര്‍ പുറത്തെടുക്കാറുണ്ട്. ഉറ്റവരെ നഷ്ടമായപ്പോള്‍ വിദ്വേഷം വിതയ്ക്കുന്നതിന് പകരം ആര്‍ദ്രതയും സഹാനുഭൂതിയും പഠിപ്പിച്ച് മക്കളെ വളര്‍ത്താനും ഭര്‍ത്താവിന്റെ ഘാതകരോട് ക്ഷമിക്കാനും പൊറുക്കാനും വിശാലമനസ്സ് കാട്ടിയ ശക്തയായ ആ വനിത രാഷ്ട്രീയ നിലപാടുകളില്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനം അടുത്തു നിന്ന് കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. ആ കാര്‍ക്കശ്യം തന്നെയാവും ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന നിര്‍ണായക സാന്നിധ്യമായ് അവരെ വേറിട്ടു നിര്‍ത്തുന്നത്. പുറമെ സഹജമായ നിശ്ചയദാർഢ്യത്തിൻറെ മുഖമുദ്രയുണ്ടെങ്കിലും മക്കളുടെയും ചെറുമക്കളുടെയും കാര്യത്തിൽ വാത്സല്യനിധിയായ അമ്മയും കുടുംബിനിയുമാണ് ലോകമറിയുന്ന സോണിയ ഗാന്ധി.

ആരോഗ്യ കാര്യങ്ങളിലും ചിട്ടപുലർത്തുന്ന, എഴുപത്തിയഞ്ചാം വയസ്സിലും യുവത്വത്തിന്റെ ചുറുചുറുക്കോടെ കര്‍മ്മനിരതയാവുന്ന സോണയാജി, ശാന്തമായ ജീവിത ക്രമത്തിലൂടെ, നിരന്തരമായ വായനയിലൂടെ സ്വയം നവീകരിക്കുന്നത് ആശ്ചര്യത്തോടെ മാത്രമേ കാണാനാവു. ചുമതലകളില്‍ കര്‍ശനക്കാരിയാവുമ്പോഴും നിര്‍ലോഭമായ സ്‌നേഹം പങ്കിടാന്‍ എപ്പോഴും ശ്രദ്ധചെലുത്തും; വ്യക്തികളെയും സമാന ആശയമുള്ള പ്രസ്ഥാനങ്ങളെയും ചേര്‍ത്തുപിടിക്കും; കടമ്പകളെ നിശ്ചയദാര്‍ഢ്യത്തോടെ സമീപിക്കും; വീടിനുളളിൽ വാത്സല്യത്തിന്റെ മാതൃഭാവം ചൊരിയും; സ്ത്രീയെന്ന നിലയില്‍ തുല്യതയ്ക്കുവേണ്ടി പോരാടും; ഞങ്ങള്‍ സഹപ്രവര്‍ത്തകരുടെ കുടുംബകാര്യങ്ങള്‍ പോലും അന്വേഷിക്കാനും സംസാരിക്കാനും സമയം കണ്ടെത്തും…

മരുമകളായ് വന്ന് മകളായ് മാറി ഇന്ത്യയുടെ ഹൃദയം കവര്‍ന്ന, ഊര്‍ജ്ജ പ്രസരണിയായ സാരഥിക്ക്, പ്രിയനേതാവിന് 75-ാം പിറന്നാള്‍ ദിനത്തില്‍, ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു. പിറന്നാളിനോടനുബന്ധിച്ച് ഒരു തരത്തിലുള്ള ആഘോഷങ്ങളുമില്ല. എങ്കിലും ഒരു ജനതയുടെ പ്രാർത്ഥനകളുണ്ട് -കർമ്മധീരയായ് രാജ്യത്തെ ജനാധിപത്യവിശ്വാസികളെ ഇനിയും മുന്നിൽ നിന്ന് നയിക്കാൻ.

A symbol of strength, service & sacrifice, Hon’ble Congress President Smt. Sonia Gandhi is an inspiration to one and all.
I wish her all the health and happiness on her birthday.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkcvenugopalmp%2Fposts%2F4447694878686339&show_text=true&width=500