കെ.എം. ബഷീറിന്റെ അപകടമരണത്തില്‍ നിക്ഷ്പക്ഷ അന്വേഷണം വേണം; കുടുംബത്തിന് അടിയന്തര സഹായം സര്‍ക്കാര്‍ നല്‍കണം – കെ.സി. വേണുഗോപാല്‍

Jaihind Webdesk
Saturday, August 3, 2019

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുവെന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭാവിയുടെ വാഗ്ദാനമായ ഊര്‍ജസ്വലനായ ഒരു യുവപത്രപ്രവര്‍ത്തകനെയാണ് ഈ അപകടത്തിലൂടെ നഷ്ടമായിരിക്കുന്നത്. ആത്മാര്‍ത്ഥയും, സത്യസന്ധതയും കൈമുതലാക്കിയ അദ്ദേഹം സുഹൃത്തുക്കള്‍ക്കിടയിലും, മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിത്വമാണ്. അപകടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. കൂടാതെ ബഷീറിന്റെ നിരാലംബരായ കുടുംബത്തിന് അടിയന്തിരമായി സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.