മുഖ്യമന്ത്രിക്ക് ധനമന്ത്രിയോടുള്ള ‘വിശ്വാസക്കൂടുതല്‍’ എല്ലാവർക്കും അറിയാം ; പിണറായിയോടുള്ള ദേഷ്യം മറ്റുള്ളവരുടെ മേല്‍ തീർക്കാന്‍ ഐസക്കിന്‍റെ ശ്രമം : മറുപടിയുമായി കെ.സി ജോസഫ്

Jaihind News Bureau
Friday, September 4, 2020

 

ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി കെ.സി ജോസഫ് എം.എല്‍.എ. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ ‘ഉണ്ടയില്ലാ വെടി’ പരാമർശത്തിനാണ് കെ.സി ജോസഫ് മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഒപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ വാർത്താസമ്മേളനത്തെ പരിഹസിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക്ക് കെ.സി ജോസഫിനെ പരാമർശിച്ചത്. സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയല്‍ കൈകാര്യം ചെയ്യുന്ന രീതിയോ ഒന്നും ബി.ജെ.പിക്ക് അറിയില്ല, അതുകൊണ്ടാണല്ലോ 2018 ല്‍ കെ.സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാവെടി അതുപോലെ വെക്കാന്‍ അവർ തോക്കുമായി ഇറങ്ങിയത് എന്നായിരുന്നു ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം.

എന്നാല്‍ 2018 ല്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ വസ്തുതാപരവും പ്രസക്തവുമാണെന്നും അതിനെ ബി.ജെ.പിയുടെ പ്രസ്താവനയുമായി കൂട്ടി കുഴയ്ക്കേണ്ടെന്നും കെ.സി ജോസഫ് എം.എല്‍.എ തോമസ് ഐസക്കിന് മറുപടിയായി പറയുന്നു. മുഖ്യമന്ത്രി അമേരിക്കന്‍ പര്യടനത്തിന് പോയ അവസരത്തില്‍ പകരം ചുമതല ഒരാളെ പോലും ഏല്‍പിക്കാതിരുന്ന് നടപടിയുടെ ഔചിത്യമാണ് താന്‍ അന്ന് ചോദ്യം ചെയ്തത്. ഇതുകാരണം നൂറുകണക്കിന് ഫയലുകളില്‍ തീരുമാനം ആകാതെ ഭരണസ്തംഭനം ഉണ്ടാകുന്ന അവസ്ഥ ചൂണ്ടിക്കാട്ടുന്നത് എങ്ങനെ ഉണ്ടയില്ലാ വെടിയാകുമെന്ന് അദ്ദേഹം ചോദിക്കുന്നു.

പിണറായിക്ക് തോമസ് ഐസക്കിനെ പോലുള്ള മന്ത്രിമാരോടുള്ള ‘വിശ്വാസക്കൂടുതല്‍’ കൊണ്ടാകാം പിണറായി അത്തരത്തില്‍ ചെയ്തതെന്നും കെ.സി ജോസഫ് പരിഹസിച്ചു. തോമസ് ഐസക്കിനെ മുഖ്യമന്ത്രി മനഃപൂർവം അവഗണിക്കുകയാണെന്നും ധനമന്ത്രിയെ മുഖ്യമന്ത്രി വിശ്വസത്തിലെടുക്കുന്നില്ലെന്നും ഉള്ളത് എല്ലാവരും ചർച്ച ചെയ്യുന്ന കാര്യമാണ്. മുഖ്യമന്ത്രിയോട് പകയുണ്ടെങ്കിൽ അത് അദ്ദേഹത്തോട് തീർക്കാൻ ദുർബലനായ ഐസക്കിന് കഴിയാത്തത് കൊണ്ടാകാം എന്‍റെ നേരെ കുതിര കയറാൻ ശ്രമിക്കുന്നത് എന്ന് പറഞ്ഞാണ് കെ.സി ജോസഫ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കെ.സി ജോസഫ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് :

ഡോ. തോമസ്സ് ഐസക്കിന്റെ സെപ്തംബർ മൂന്നിലെ ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായി. അതിൽ ഇങ്ങിനെ പറയുന്നു. “സെക്രട്ടറിയേറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്ന രീതിയോ ഒന്നും അവർക്ക് (ബി ജെ പി ) അറിയില്ല. അതുകൊണ്ടാണല്ലോ 2018ൽ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി അതുപോലെ വെക്കാൻ തോക്കുമായി ഇറങ്ങിയത് “
ബി ജെ പി ക്കാരുടെ കാര്യം അവർ പറയട്ടെ. എന്റെ പേര് പരാമർശിച്ചതിനാൽ ഒരു കാര്യം പറയാതെ വയ്യ.
2018 ജൂലായ് 10 ന് ഞാൻ ഉന്നയിച്ച വിഷയം ഇപ്പോൾ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് വിവാദം ഉണ്ടായ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ 12 ദിവസത്തോളം അമേരിക്കൻ പര്യടനത്തിന് പോയ അവസരത്തിൽ മുഖ്യമന്ത്രിയുടെ ചുമതലയോ, തന്റെ കീഴിലുള്ള മുപ്പത്തിയേഴോളം വകുപ്പുകളുടെ ചുമതലയോ സഹ മന്ത്രിമാരിൽ ആർക്കും നൽകാതെ പോയതിന്റെ ഔചിത്യമാണ് ഞാൻ ചോദ്യം ചെയ്തത്. ബിസിനസ്സ് റൂൾസ് പ്രകാരം ഒരു മന്ത്രി വിദേശപര്യടനത്തിന് പോകുമ്പോൾ ഒരു മന്ത്രിക്കോ മന്ത്രിമാർക്കോ ഭരണ ചുമതല കൈമാറേണ്ടതാണ്. ഇത് നൽകാത്തതുമൂലം ഇ – ഫയൽ ഒഴികെയുള്ള നൂറ് കണക്കിന് ഫയലുകൾ തീരുമാനം ഉണ്ടാകാതെ കെട്ടിക്കിടക്കുന്ന കാര്യവും മന്ത്രിസഭായോഗം പോലും കൂടാൻ കഴിയാത്ത സാഹചര്യവും തന്മൂലം ഉണ്ടാകുന്ന ഭരണസ്തംഭനവുമാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. ഇതെങ്ങനെ ഉണ്ടയില്ലാ വെടിയാകും ?

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് ചികിത്സയ്ക്ക് ജർമ്മനിയിൽ പോയപ്പോൾ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ മന്ത്രിസഭയിലെ ഓരോ അംഗം മന്ത്രിസഭായോഗത്തിൽ മാറി മാറി അധ്യക്ഷത വഹിക്കുമെന്നാണ് നിശ്ചയിച്ചത്‌. പിന്നീട് വന്ന എല്ലാ മുഖ്യമന്ത്രിമാരും (പിണറായി വിജയൻ ഒഴികെ) ഒരാഴ്ചയിലേറെ കേരളം വിട്ടുപോയപ്പോൾ ഒക്കെ സഹമന്ത്രിമാർക്ക് ചുമതല കൈമാറിയിരുന്നു. തോമസ്സ് ഐസക്കിനെ പോലെയുള്ള മന്ത്രിമാരിൽ പിണറായി വിജയനുള്ള “വിശ്വാസക്കൂടുതൽ” കൊണ്ടാകാം അദ്ദേഹം ഭരണ ചുമതല ഒരു ദിവസത്തേക്ക് പോലും ആർക്കും കൈമാറാൻ തയ്യാറാകാതിരുന്നത് പക്ഷെ ഇത് തെറ്റായ ഒരു കീഴ് വഴക്കമാണ്. മുഖ്യമന്ത്രി “സമന്മാരിൽ ഒന്നാമൻ” എന്നാണല്ലോ കരുതുന്നത്. പിണറായി വിജയൻ കേരളത്തിൽ ഇല്ലെങ്കിൽ മന്ത്രിസഭായോഗം പോലും ചേരേണ്ട എന്ന നിലപാടിനോട് പ്രതിപക്ഷത്തിന് വിയോജിപ്പുണ്ട്. അതു കൊണ്ടാണ് ഒരു നിയമസഭാ അംഗം എന്ന നിലയിൽ ഞാൻ ഈ കാര്യം ചൂണ്ടിക്കാണിച്ചത്. ഇത് “ഉണ്ടയില്ലാ വെടിയായി” ഐസക്കിന് തോന്നിയതിൽ പരാതിയില്ല. ഡോ. ഐസക്കിനെ മുഖ്യമന്ത്രി മന:പൂർവ്വം അവഗണിക്കുകയാണെന്നും ധനമന്ത്രിയെ മുഖ്യമന്ത്രി വിശ്വസത്തിലെടുക്കുന്നില്ലെന്നും ഉള്ളത് എല്ലാവരും ചർച്ച ചെയ്യുന്ന കാര്യമാണ്. മുഖ്യമന്ത്രിയോട് പകയുണ്ടെങ്കിൽ അത് അദ്ദേഹത്തോട് തീർക്കാൻ ദുർബലനായ ഐസക്കിന് കഴിയാത്തത് കൊണ്ടാകാം എന്റെ നേരെ കുതിര കയറാൻ ശ്രമിക്കുന്നത്.