കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ബാധ്യതയായി കാണരുത്, ചെലവ് സര്‍ക്കാര്‍ കൂടി വഹിയ്ക്കണം: കെ.സി.ജോസഫ്

Jaihind News Bureau
Tuesday, March 31, 2020

KC-Joseph

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ പഞ്ചായത്തിനും നഗരസഭയ്ക്കും 5 ലക്ഷം രൂപയെങ്കിലും അടിയന്തര സഹായമായി നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കെ.സി.ജോസഫ് എംഎൽഎ. പല തദ്ദേശ സ്ഥാപനങ്ങളിലും സ്വന്തമായി ഫണ്ട് ഇല്ലാത്ത സ്ഥിതിയിലാണ്. സ്പോൺസർമാരെ കണ്ടെത്തിയാണ് കാര്യങ്ങൾ നടത്തുന്നതെന്നും ഇതിന് പരിമിതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചന്‍റെ നടത്തിപ്പും റേഷൻ വിതരണത്തിന്‍റെ ബാധ്യതയും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളുമെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം ബാധ്യതയായി മാറ്റിവയ്ക്കാതെ അതിന്‍റെ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും പങ്കുവയ്ക്കാൻ സർക്കാർ തയ്യാറാകണം. പത്രക്കുറിപ്പുകൾ ഇറക്കിയതുകൊണ്ടോ ഉത്തരവുകൾ പുറപ്പെടുവിച്ചതുകൊണ്ടോ സർക്കാരിന്റെ ഉത്തരവാദിത്തം അവസാനിച്ചതായി കരുതരുതെന്നും കെ.സി.ജോസഫ് പറഞ്ഞു.