ധനകാര്യ വകുപ്പിന്‍റെ നിയന്ത്രണങ്ങൾ മൂലം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 ലെ പദ്ധതി പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്നും മറിച്ചുള്ള മന്ത്രി മൊയ്തീന്‍റെ അവകാശവാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് എംഎൽഎ പറഞ്ഞു.
മന്ത്രിയുടെ ന്യായീകരണങ്ങൾ CPM പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് പോലും ബോദ്ധ്യപ്പെടുന്നതല്ലെന്നും പാർട്ടിയെ ഭയന്ന് അവരെല്ലാം നിശബ്ദത പാലിക്കുകയാണെന്നും മന്ത്രി മനസ്സിലാക്കണം. മന്ത്രി അവകാശപ്പെടുന്നതുപോലെ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലോ തദ്ദേശസ്ഥാപനങ്ങൾ ബില്ലു തയാറാക്കാൻ വൈകിയതുമൂലമോ അല്ല ക്യൂ ബില്ലുകൾക്ക് പണം നൽകാതിരുന്നത്. നിയമസഭ ഫെബ്രുവരി 5-ന് അടിയന്തിര പ്രമേയത്തിലൂടെ തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്തതാണ്. അന്ന് കൊവിഡിന്‍റെ വിഷയം പോലും സജീവമായിരുന്നില്ല. മറുപടി പ്രസംഗത്തിൽ 836 കോടി രൂപ കുടിശിക നൽകാനുണ്ടെന്നും അത് ഒരാഴ്ചക്കുള്ളിൽ കൊടുക്കുമെന്നും ധനകാര്യമന്ത്രി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഇത് നിയമസഭാ രേഖകൾ നോക്കിയാൽ കാണാം. ആ പണം കൊടുത്തില്ലെന്നു മാത്രമല്ല മാർച്ച് 31 ആയപ്പോൾ കുടിശിക 1068 കോടി രൂപയായി വർദ്ധിക്കുകയും ചെയ്തു. ജനുവരി ഒന്നു മുതൽ തന്നെ ട്രഷറിയിൽ നിന്നും 50,000 രൂപയിൽ കവിഞ്ഞ ബില്ലുകൾ മാറി നല്‍കിയിരുന്നില്ലയെന്ന യാഥാർത്ഥ്യം മന്ത്രി മൊയ്തീന് നിഷേധിക്കാൻ കഴിയുമോ?
തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഔദ്യോഗിക രേഖകൾ പ്രകാരം 2020-21 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 7158 കോടി രൂപയാണ്. ഇതിൽ ക്യൂ ബില്ലിന്‍റെ തുകയായ 1068 കോടി രൂപ നൽകി കഴിഞ്ഞാൽ ഈ വർഷത്തെ പദ്ധതി വിഹിതം 6090 കോടി രൂപയായി കുറയും. സാധാരണ ഗതിയിൽ മുൻ വർഷങ്ങളിൽ കേന്ദ്ര ധനകാര്യ കമ്മീഷൻ അവാർഡ് തുകയിൽ ഒരു വെട്ടികുറച്ചും വരുത്താതെ നേരിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുകയായിരുന്നു പതിവ്. ഈ തവണ ധനകാര്യ കമ്മീഷൻ അവാർഡ് തുകയായ 2412 കോടി രൂപയും പദ്ധതി വിഹിതമായ 6090 കോടിയിൽ നിന്നും വെട്ടികുറച്ച് ബാക്കി 3678 കോടി മാത്രമാണ് നൽകുകയെന്ന് LSGD യുടെ ഔദ്യോഗിക രേഖകളിൽ കാണുന്നു. ഇതിനും വ്യക്തമായ ഉത്തരം മന്ത്രി നൽകുന്നില്ല.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സ്തുത്യർഹമായ സേവനത്തിലൂടെ തദ്ദേശസ്ഥാപനങ്ങൾ സ്വന്തം ഫണ്ടിൽ നിന്നും സ്‌പോൺസർമാരെ കണ്ടെത്തിയുമാണ് പണം ചെലവഴിച്ചത്. തിരികെ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയ ആ വിഹിതം ഒരു പൈസ പോലും ഇതുവരെ നൽകാത്തത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണം. ചുരുക്കത്തിൽ ഈ ചെലവും ലൈഫ് ഭവന പദ്ധതിക്കുള്ള വിഹിതവും ടെക്‌നിക്കൽ സ്റ്റാഫിനുള്ള ശമ്പള വർദ്ധനവും കഴിഞ്ഞാൽ 2020-21-ൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം എതാണ്ട് സീറോ ബജറ്റിൽ ഒതുങ്ങുവാൻ പോകുകയാണ്.
കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ മരവിപ്പിക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിനെതിരെ UDF സമരരംഗത്തു വരുമെന്ന് കെ.സി.ജോസഫ് പറഞ്ഞു.