സാമ്പത്തിക പ്രതിസന്ധി: ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെ.സി ജോസഫ് എം.എല്‍.എ

Jaihind News Bureau
Saturday, April 4, 2020

കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്‍റെ ധനകാര്യമാനേജ്‌മെന്‍റിന്‍റെ പിടിപ്പുകേടും ധൂര്‍ത്തും മൂലമാണെന്നും കൊറോണയെ പഴിചാരി യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ.സി ജോസഫ് എം.എല്‍.എ സാലറി ചലഞ്ച് പ്രഖ്യാപിക്കുന്നതിന് മുന്‍പ് പ്രളയദുരിതാശ്വാസത്തിന് ആകെ എത്രകോടി ലഭിച്ചുവെന്നും എത്രകോടി ചെലവഴിച്ചുവെന്നും ഉള്‍പ്പടെ ധവളപത്രം പുറപ്പെടുവിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിനുള്ള തുറന്ന കത്തില്‍ കെ.സി ജോസഫ് ആവശ്യപ്പെട്ടു.

പ്രളയദുരിതാശ്വാസത്തിനായി ജനങ്ങളില്‍ നിന്നും സംഭാവനയായി മാത്രം 4769 കോടി രൂപ കിട്ടിയെന്നും ഇതില്‍ 3367കോടിരൂപയാണ് ചെലവഴിച്ചതെന്നും മാര്‍ച്ച് ആദ്യവാരം നിയമസഭയില്‍ ധനമന്ത്രി വെളിപ്പെടുത്തിയതാണ്. ഇതിന് പുറമേ കേന്ദ്രം സഹായകമായി നല്‍കിയ 3465കോടി രൂപയും സാലറി ചലഞ്ചിലൂടെ ലഭിച്ച 2400 കോടി രൂപയും പ്രളയക്കെടുതികള്‍ക്ക് ചെലവഴിക്കാതെ സര്‍ക്കാരിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കാണ് ചെലവഴിച്ചത്. എഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കില്‍ നിന്നും റീബില്‍ഡ് കേരളയ്ക്ക് ലഭിച്ച 1780 കോടിയില്‍ ഒരു രൂപപോലും ചെലവഴിക്കാതെ വകമാറ്റി ചെലവഴിച്ചു.

ഇങ്ങനെയെല്ലാം വകമാറ്റി ചെലവഴിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതമായ 2020കോടിയോ, കോണ്‍ട്രാക്ടര്‍മാരുടെ ബില്ലിന്റെ കുടിശിഖയായ 1715 കോടിയോ സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ 6 മാസക്കെ കുടിശികയോ റബ്ബര്‍ കര്‍ഷക സബ്‌സിഡിയുടെ 15 മാസത്തെ കുടിശികയോ എന്നിവയൊന്നും തന്നെ നല്‍കാതെ ജനുവരി മുതല്‍ ട്രഷറി നിയന്ത്രണം എന്തുകൊണ്ടാണെന്ന് ധനമന്ത്രിവ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.