തൊഴിലുറപ്പുകാര്‍ക്കുള്ള പെന്‍ഷന്‍ ഓര്‍ഡിനന്‍സ് നീക്കം തെരഞ്ഞെടുപ്പ് പ്രചാരണ തട്ടിപ്പ് : കെ.സി. ജോസഫ് എംഎല്‍എ

Jaihind News Bureau
Monday, October 26, 2020

KC-Joseph

60 വയസ് കഴിഞ്ഞ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനായി കൊണ്ടുവരുമെന്നു പറയുന്ന ഓര്‍ഡിനന്‍സ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് കൈക്കലാക്കാനുള്ള പ്രചാരണ തട്ടിപ്പ് മാത്രമാണെന്ന് കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എല്‍.എ. അഞ്ച് വര്‍ഷമെങ്കിലും തുടര്‍ച്ചയായി വിഹിതം അടച്ചവര്‍ക്ക് 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. വ്യക്തമായി പറഞ്ഞാല്‍ 5 വര്‍ഷത്തിനു ശേഷം, അതായത് 2025 ല്‍ മാത്രമെ പെന്‍ഷനും മറ്റും നല്‍കി തുടങ്ങുകയുള്ളൂ. അഞ്ച് വര്‍ഷം കഴിഞ്ഞ് നടപ്പിലാക്കുന്ന കാര്യത്തിന് വേണ്ടി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന്‍റെ ഉദ്ദേശം 20 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളുടെ വോട്ട് കൈക്കലാക്കാനുള്ള ദുരുദ്ദേശം മാത്രമാണെന്നും കെ.സി. ജോസഫ് പറഞ്ഞു.

പിണറായി സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനപ്രകാരം ഒരു പെന്‍ഷന്‍ മാത്രമേ ഒരാള്‍ക്ക് വാങ്ങാന്‍ കഴിയൂ. തൊഴിലുറപ്പ് പെന്‍ഷന്‍ വരുന്നതോടെ അവര്‍ക്ക് അര്‍ഹമായ വാര്‍ദ്ധക്യകാല പെന്‍ഷനോ വിധവാ പെന്‍ഷനോ നഷ്ടമാകുന്ന സ്ഥിതിയുാകും. ‘വെളുക്കാന്‍ തേച്ചത് പാണ്ടാകാന്‍’ മാത്രമെ ഇത് സഹായിക്കൂ.

പൊതുവെ പ്രതിവര്‍ഷം 80 ദിവസത്തില്‍ താഴെ മാത്രം പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് പ്രതിമാസം 50 രൂപ ക്ഷേമനിധി വിഹിതം വാങ്ങി അവരെ പുതിയ പെന്‍ഷന്‍ സ്കീമിലേയ്ക്ക് മാറ്റുന്നത് ശരിയല്ല. ഈ കാര്യത്തിൽ ഗവണ്‍മെന്‍റിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ചെയ്യേത് അവരുടെ വിഹിതം വേണ്ടെന്നുവച്ച് നിലവില്‍ വാര്‍ദ്ധക്യകാല പെന്‍ഷനോ വിധവാ പെന്‍ഷനോ ഉള്‍പ്പെടെ ഏതെങ്കിലും പെന്‍ഷന് അര്‍ഹതയുള്ളവര്‍ക്ക് ഇന്‍സെന്‍റീവ് പെന്‍ഷനായി നിലവിലെ പെന്‍ഷനു പുറമെ ഒരു തുക പ്രതിമാസം ഇന്‍സെന്‍റി്വ് ആയി നല്‍കുവാനും അതോടൊപ്പം അവര്‍ക്ക് മറ്റ് ആരോഗ്യ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കാനും വ്യവസ്ഥ ചെയ്യുന്നതാണ് നല്ലത്. ഈ
കാര്യം ഗൗരവമായി ആലോചിക്കാതെയും നിയമസഭ പലതവണ ചേര്‍ന്നിട്ടും ബില്ല് അവതരിപ്പിക്കുക പോലും ചെയ്യാതെയും ‘തട്ടിക്കൂട്ടി’ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് അധികാരദുര്‍വിനിയോഗവും രാഷ്ട്രീയ ലാഭത്തിനും വോട്ടുകച്ചവടത്തിനും വേണ്ടിയുള്ള നടപടിയുമാണെന്ന് കെ.സി.ജോസഫ് എം.എല്‍.എ. കുറ്റപ്പെടുത്തി.