നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവച്ചു; കെബി ഗണേഷ്‌കുമാറിനെതിരെ കേസ്


കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പത്തനാപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചു വച്ചതിനാണ് കേസ്.പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും കെഎസ്‌യു സംസ്ഥാന ഉപാദ്ധ്യക്ഷനുമായ എംജെ യദുകൃഷ്ണനാണ് പരാതി നല്‍കിയത്. സത്യവാങ്മൂലത്തില്‍ ജംഗമ വസ്തുക്കളെ സംബന്ധിച്ച് സൂചിപ്പിച്ചിട്ടുള്ള പട്ടികയില്‍ ഏതെങ്കിലും വ്യക്തി / സ്ഥാപനം / ട്രസ്റ്റ് /കമ്പനി യുമായി സ്ഥാനാര്‍ത്ഥിക്കോ ഭാര്യക്കോ സാമ്പത്തിക ഇടപാട് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഗണേഷ്‌കുമാറിന്റെ ഭാര്യ ബിന്ദു, വാളകം സ്വദേശിയായ മുരളീധരന്‍ പിള്ളയ്ക്ക് 2018ല്‍ രണ്ടു തവണയായി 30 ലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ടിലൂടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് കടമായി നല്‍കിയെന്നും ലാഭവും പലിശയുമടക്കം ഒരു കോടി 20 ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്നും കാട്ടി കഴിഞ്ഞ വര്‍ഷം പുനലൂര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ സാമ്പത്തിക ഇടപാട് മന:പൂര്‍വ്വം സത്യവാങ്മൂലത്തില്‍ നിന്ന് ഒഴിവാക്കിയതാണെന്നും ആകയാല്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പ്രധാനമായും ഉന്നയിക്കുന്നത്. കൂടാതെ ബിന്ദുവിന്റെ പേരില്‍ ദുബായിലുള്ള രണ്ടു ഫ്‌ളാറ്റുകളെ സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ടെങ്കിലും വാങ്ങിയവര്‍ഷം രേഖപ്പെടുത്തിയില്ല. വാങ്ങുമ്പോള്‍ ഒരു കോടി രൂപ വിലയായെന്നും സത്യവാങ്മൂലം തയ്യാറാക്കിയ ദിവസം അതിന് 12 കോടി വിലയുണ്ടെന്നും കാണിച്ചിട്ടുണ്ട്. ഈ മുതല്‍മുടക്ക് കാണിച്ച് നിക്ഷേപകന്‍ എന്ന നിലയിലാണ് യുഎഇ സര്‍ക്കാരില്‍ നിന്നും ഗോള്‍ഡന്‍ വിസ സമ്പാദിച്ചതെന്നാണ് പരാതിക്കാരന്റെ മറ്റൊരു ആരോപണം. ഫ്‌ളാറ്റുകള്‍ വാങ്ങിയ തീയതി ഒഴിവാക്കിയതും വാങ്ങിയ വിലയുടെ 12 ഇരട്ടി മാര്‍ക്കറ്റ് വില കാണിച്ചതും കള്ളപ്പണം വെളുപ്പിക്കാനാണെന്നും പരാതിയിലുണ്ട്. ഗണേഷ് കുമാറിനെ ഉടന്‍ മന്ത്രിസഭയില്‍ എടുക്കുമെന്നിരിക്കെ ഈ കേസിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ഷാന്‍ എം ഹാജരായി.

Comments (0)
Add Comment