ഔദ്യോഗിക ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു

 

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ തുറന്നുകൊടുത്തത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ തീയതി ലഭിക്കാത്തതിനാൽ ഉദ്ഘാടനം ഒഴിവാക്കുകയായിരുന്നു. 2.71 കിലോമീറ്ററാണ് പാതയുടെ നീളം.

2018ലാണ് എലിവേറ്റഡ് ഹൈവേയുടെ പണി ആരംഭിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന പ്രഖ്യാപനവുമായാണ് നിർമാണം തുടങ്ങിയെങ്കിലും പദ്ധതി വൈകി. 200 കോടി രൂപയാണ് നിർമാണ ചെലവ്. എലിവേറ്റഡ് പാത നിർമാണത്തിനുള്ള തുക 200 കോടി പൂർണ്ണമായും ദേശീയപാത അതോറിറ്റിയാണ് ചെലവഴിച്ചത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് എലിവേറ്റഡ് പാത പ്രഖ്യാപിച്ചത്. ദേശീയപാത അതോറിറ്റിക്കാണ് പാതയുടെ നിർമാണ ചുമതല.

ദേശീയപാത 66 ൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം – മുക്കോല റീച്ചിന്‍റെ ഭാഗമാണ് കഴക്കൂട്ടത്തെ നാലുവരി എലിവേറ്റഡ് പാത. 61 തൂണുകളാണ് പാലത്തിനുള്ളത്. 220 ലൈറ്റുകൾ പാതയുടെ മുകൾ ഭാഗത്തും താഴെയുമായി സ്ഥാപിച്ചിട്ടുണ്ട്. ഇരുഭാഗത്തും 7.5 മീറ്ററിൽ സർവീസ് റോഡുണ്ട്. 3.2 കിലോമീറ്ററിൽ ആലപ്പുഴ ബൈപാസിൽ, ബീച്ചിനു സമാന്തരമായി നിർമിച്ച പാതയാണ് നിലവിൽ കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ.

Comments (0)
Add Comment