കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡിവൈഎഫ്ഐക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തിയഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. പിന്നാലെ പാഞ്ഞെത്തിയ പോലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധം ചെറുക്കാന്‍ ശ്രമിച്ചു. കാട്ടാക്കട മണ്ഡലത്തില്‍ നിന്ന് അരുവിക്കരയിലേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, നവകേരള സദസ് അവസാനഘട്ടത്തിലെത്തുമ്പോള്‍ തലസ്ഥാനത്ത് വ്യാപക സംഘര്‍ഷമാണ് അരങ്ങേറുന്നത്. ഇന്നലെ ആറ്റിങ്ങലില്‍ നവകേരള സദസ് കടന്ന് പോയതിന് ശേഷം തുടര്‍ച്ചയായി ആക്രമമങ്ങളുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് സുഹൈലിന്റെ വീടും വാഹനവും ഡിവൈഎഫ്ഐക്കാര്‍ തകര്‍ത്തു.