കശ്മിര്‍ ആഭ്യന്തരകാര്യമെന്ന് ഇന്ത്യ; യു.എന്‍ രക്ഷാസമിതിയില്‍ ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ പിന്തുണ

Jaihind Webdesk
Friday, August 16, 2019

കശ്മിര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യയെ പിന്തുണച്ച് റഷ്യ. കശ്മിര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യോഗത്തില്‍ റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് ബ്രിട്ടനും ഫ്രാന്‍സും യോഗത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍, കശ്മിരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചൈന ആശങ്കയറിയിച്ചു. പാകിസ്ഥാനുമായി കശ്മിര്‍ വിഷയം ഇന്ത്യ ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്നും ചൈന അഭിപ്രായപ്പെട്ടു.

രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന, ഇന്ത്യ-പാക് പ്രശ്‌നം അജണ്ടയിലുള്‍പ്പെടുത്തി കശ്മിര്‍ വിഷയം ചര്‍ച്ച ചെയ്യണമന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. കാഷ്മീര്‍ വിഭജനം സംബന്ധിച്ച ഇന്ത്യയുടെ നിലപാടില്‍ ചൈന നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു.

ഐക്യരാഷ്ട്ര രക്ഷാസമിതി തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മിരില്‍ ഇന്ത്യക്ക് എങ്ങിനെ ഏകപക്ഷീയ നിലപാട് എടുക്കാനാകുമെന്നായിരുന്നു ചൈനയുടെ ചോദ്യം. എന്നാല്‍, വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കട്ടെയന്നെ നിലപാടിലാണ് യുഎന്‍ രക്ഷാസമിതിയിലെ മറ്റ് സ്ഥിരാഗംങ്ങളായ ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍. ഇക്കാര്യം നേരത്തെ തന്നെ ഈ നാല് രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.

അതേസമയം, കൗണ്‍സില്‍ യോഗത്തിന് മുന്‍പ് പാകിസ്ഥാന്‍ അമേരിക്കയുടെ പിന്തുണ തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് പാക്കിസ്ഥാന്‍ നേരത്തെ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഈ ആവശ്യം യുഎന്‍ രക്ഷാസമിതി തള്ളുകയായിരുന്നു.