നാട്ടിലുള്ള മകന് വൃക്ക നല്‍കാന്‍ ഷാര്‍ജയിലുള്ള അമ്മ തയാര്‍, നാട്ടിലെത്താന്‍ ടിക്കറ്റിന് പണമില്ല; സഹായമേകി ടി.സിദ്ദിഖ്

 

മകന് വൃക്ക നല്‍കാനായി ഷാര്‍ജയില്‍ നിന്നും നാട്ടിലെത്താനാകാതെ ദുരിതത്തിലായ അമ്മയ്ക്കും കുടുംബത്തിനും സഹായവുമായി കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ നാരായണന്‍, ഭാര്യ മിനി, മകള്‍ നയന എന്നിവരാണ് സഹായം ലഭിച്ചതോടെ കേരളത്തിലെത്തുന്നത്.

ഇവരുടെ മകന്‍ അജയ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലാണ്. നാട്ടിലെത്താനായി മൂന്ന് പേര്‍ക്കും ടിക്കറ്റിനുള്ള പണം കൈയ്യിലില്ലാതെ ദുരിതത്തിലായ ഇവരുടെ അവസ്ഥ നേരിട്ടറിഞ്ഞതോടെയാണ് സിദ്ദിഖ് സഹായവുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ സ്വന്തം ചെലവില്‍ കുടുംബം തിങ്കളാഴ്ച കൊച്ചിയില്‍ വിമാനമിറങ്ങും.

സ്കൂള്‍ ബസ് ഡ്രൈവറായ നാരായണന്‍ കുടുംബസമേതം ഷാര്‍ജയിലായിരുന്നു താമസം. കഴിഞ്ഞ വര്‍ഷം വൃക്ക സംബന്ധമായ രോഗം പിടിപെട്ടതോടെ മകന്‍ കേരളത്തിലേക്ക് പോരുകയായിരുന്നു. കോഴിക്കോട് ചികിൽസയിൽ തുടരുമ്പോഴാണ് വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ‌ നിർദേശിക്കുന്നത്. അമ്മ വൃക്ക നൽകാൻ തയാറായി നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുമ്പോഴാണ് ലോക്ഡൗണിൽ കുടുങ്ങുന്നത്. യാത്രാ അനുമതി ലഭിച്ചെങ്കിലും മൂന്നുപേർക്ക് ടിക്കറ്റെടുക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.

ഈ അവസരത്തിലാണ്   ഇന്‍കാസിന്‍റെ പ്രതിനിധികള്‍ കുടുംബത്തിന്‍റെ ദുരിതം തന്നെ അറിയിക്കുന്നതെന്ന് സിദ്ദിഖ്പറയുന്നു. യൂത്ത് കെയറിന്റെ ഭാഗമായി നൽകുന്ന ടിക്കറ്റുകളിൽ നിന്നല്ലാതെ അവരെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. അജയ്​യെ ചികിൽസിക്കുന്ന ഡോക്ടറോടും സംസാരിച്ചു. അവർ നാട്ടിലെത്തിയ ശേഷം ചികിൽസയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment