അക്ഷയ കേന്ദ്രങ്ങൾ എന്ന പേരിൽ വ്യാജകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആരോപണം

അക്ഷയ കേന്ദ്രങ്ങൾ എന്ന പേരിൽ വ്യാജകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആരോപണം. ഇതിനെതിരെ സർക്കാർ നടപടി എടുക്കണമെന്ന് കാസർകോട് ജില്ലയിലെ അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ അക്ഷയ സംരംഭക വേദി.

കൊവിഡ് കാലത്ത് ജനങ്ങളിൽ നിന്ന് കൂടുതൽ സർവ്വീസ് ചാർജ്ജുകൾ വാങ്ങി ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കണമെന്ന് ഇതിനു മുമ്പ് പല തവണ സംരംഭകർ അധികൃതർക്ക് പരാതി നൽകിയിരുന്നു. സർക്കാരിന്‍റെ പല മാനദണ്ഡങ്ങളും പാലിച്ചാണ് അക്ഷയ കേന്ദ്രങ്ങൾ മുന്നോട്ട് പോകുന്നത്. അക്ഷയ കേന്ദ്രങ്ങളുടെ സർവ്വീസ് ചാർജ്ജുകളുടെ കാര്യത്തിൽ സർക്കാരിന് നിയന്ത്രണമുണ്ട് എന്നാൽ ഇത്തരം പ്രൈവറ്റ് സെന്‍ററുകൾ ജനങ്ങളിൽ നിന്നും ഈടാക്കുന്ന സർവ്വീസ് ചാർജ്ജിന് ഒരു കണക്കുമില്ല. കൂടാതെ ചില സർവ്വീസുകൾക്ക് പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രധാനപ്പെട്ട ഡാറ്റകൾ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യത കൂടുതലാണ്.

നിയന്ത്രണമില്ലാതെ പെരുകുന്ന ഇത്തരം ഓൺ ലൈൻ സെന്‍ററുകളുടെ കടന്നുകയറ്റം മൂലം പല പ്രധാന സൈറ്റുകളും ബ്ലോക്ക് ആയി ആർക്കും ഉപയോഗിക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സംരംഭകർ പറയുന്നു.

കാഞ്ഞങ്ങാട് നഗരസഭയിൽ പഴയ ബസ് സ്റ്റാന്‍റിൽ തന്നെ അക്ഷയ കേന്ദ്രം എന്ന പേരിൽ തന്നെ വ്യാജ സെന്‍റർ തുടങ്ങിയിട്ടും ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല. പലപ്പോഴും ഇത്തരം സെന്‍ററുകൾ ഉദ്ഘാടനം ചെയ്യുന്നത് പഞ്ചായത്ത് – നഗരസഭ പ്രസിഡന്‍റുമാരോ ജനപ്രതിനിധികളോ ആയിരിക്കും എന്നതു കൊണ്ടു തന്നെ ജനങ്ങളും ഇവ വ്യാജകേന്ദ്രങ്ങളാണെന്ന് മനസ്സിലാക്കാതെ വഞ്ചിക്കപ്പെടുന്നുവെന്നും അക്ഷയ സംരംഭക വേദി കുറ്റപ്പെടുത്തി.

Comments (0)
Add Comment