കെ.എ.എസ്: സംവരണ അട്ടിമറി ചെറുക്കുമെന്ന് മുസ്ലിം സംഘടനകള്‍

Jaihind Webdesk
Sunday, January 6, 2019

കോഴിക്കോട് നടന്ന മുസ്ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു

കോഴിക്കോട്: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുമെന്ന് മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ വിവിധ സംവരണ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണാനും കോഴിക്കോട്ട് മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സംവരണ അട്ടിമറി നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ജനകീയ പ്രക്ഷോഭവും നിയമനടപടിയും സ്വീകരിക്കും.

ന്യൂനപക്ഷ പിന്നാക്ക സമിതിയുടെ നേതൃത്വത്തില്‍ സംവരണം നിഷേധിക്കപ്പെടുന്ന എല്ലാ സമുദായ നേതാക്കളുടെയും സംയുക്ത യോഗം കോഴിക്കോട്ട് ഉടന്‍ വിളിക്കും. കേരളത്തിന്റെ ഉദ്യോഗസ്ഥ കേഡറില്‍ സംവരണം ഇല്ലെങ്കില്‍ ഐ.എ.എസിനെ പോലും ബാധിക്കുമെന്നും സംവരണ സമുദായങ്ങള്‍ സര്‍വിസ് കേഡറില്‍നിന്ന് പുറന്തള്ളപ്പെടുന്ന സാഹചര്യമാണുണ്ടാകുകയെന്നും യോഗം വിലയിരുത്തി.

എല്ലാ ഒ.ബി.സി വിഭാഗങ്ങളെയും പങ്കെടുപ്പിച്ചായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയതായും നിലവില്‍ സര്‍വിസ് കേഡറില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ് (മുസ്ലിം ലീഗ്), ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ (സമസ്ത), ഡോ.ഹുസൈന്‍ മടവൂര്‍ (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്ലാമി), കെ. സജ്ജാദ് (മുജാഹിദ് വിസ്ഡം), വി.പി അബ്ദുറഹിമാന്‍, സി.ടി സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്), ടി.കെ അബ്ദുല്‍കരീം, എന്‍ജിനീയര്‍ പി. മമ്മദ് കോയ (എം.എസ്.എസ്), കെ. കുട്ടി അഹമ്മദ് കുട്ടി (കണ്‍വീനര്‍, ന്യൂനപക്ഷ പിന്നാക്ക സമിതി) സംസാരിച്ചു.